ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു.

ഗ്രൂപ്പിന് അതീതമായി എടുത്ത തീരുമാനങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിക്കുമെന്നാണ് സൂചന. കെപിസിസി പുനസംഘടനയിലടക്കം നേതാക്കന്മാര്‍ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടേക്കും.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍, നേതൃമാറ്റത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയോട് വിശദീകരിക്കും. പാര്‍ട്ടിക്കുള്ളില്‍ അടിമുടി മാറ്റം കൊണ്ടുവരുമെന്ന രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം വിശദീകരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അടുത്ത ദിവസം ഡല്‍ഹിയിലെത്തും.

Top