ഇന്ത്യയെയും ഇന്ത്യക്കാരെയും ഏറെ സ്നേഹിച്ച ആളായിരുന്നു ഉമ്മന്‍ചാണ്ടി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകന്‍ എന്ന് നിസ്സംശയം പറയാന്‍ കഴിയുന്ന വ്യക്തി. യുവ പൊതുപ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ചാണ്ടി വലിയ പ്രചോദനമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യയെയും ഇന്ത്യക്കാരെയും ഏറെ സ്നേഹിച്ച ആളായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രീയ രംഗത്തെ പ്രമുഖരും നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുസ്മരിച്ചു. ഇന്നു നാം പോരാടുന്ന മൂല്യങ്ങളോട് അദ്ദേഹം അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്നെന്നും പ്രിയങ്ക പറഞ്ഞു. രാഷ്ട്രീയ അതികായനും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനനായകനും കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അനുശോചിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും ദേശീയ രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും ജനസേവനവും എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചു.

Top