OOmmen chandy against Vellappally

ശിവഗിരി: ജാതീയമായി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഗുരുധര്‍മം കൊണ്ടാണ് നേരിടേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 83ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സമൂഹ നന്മയ്ക്ക് ഉതകുന്നതാണ്. സമൂഹത്തില്‍ ശരിയായ അവബോധം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഗുരുദേവന്‍ നടത്തിയത്. മനുഷ്യനെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് ഗുരുദേവന്‍ ശ്രമിച്ചത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ ഭിന്നിക്കരുതെന്ന ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തേയും ദര്‍ശനങ്ങളേയും കുറിച്ച് പഠിക്കുന്നവര്‍ക്കായി അദ്ദേഹത്തിന്റെ പേരില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഫെലോഷിപ്പ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ജീവിതം മൂന്നു മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് വിപുലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top