Oommen chandy-Solar case

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായരുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്ക് കോടികള്‍ നല്‍കിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തനിക്കു വേണ്ടി 1.90 കോടി കോഴ നല്‍കിയെന്ന സരിതയുടെ ആരോപണത്തോട് മന്ത്രിസഭാ യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ നല്‍കിയ ചെക്കുപോലും മടങ്ങിപ്പോകുകയായിരുന്നു. ഈ സരിത തനിക്ക് കോടികള്‍ നല്‍കിയെന്ന് പറഞ്ഞാല്‍ അത് ആരെങ്കിലും വിശ്വസിക്കുമോ? മാത്രമല്ല, ഇത്രയും പണം നല്‍കിയെങ്കില്‍ അതിലൂടെ അവര്‍ എന്തു നേടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സോളാര്‍ കമ്പനിക്ക് സര്‍ക്കാര്‍ യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ല. ഇതിലൂടെ സര്‍ക്കാരിന് ഒരു രൂപയുടെ പോലും നഷ്ടവും ഉണ്ടായിട്ടില്ല. കോടികള്‍ നല്‍കിയെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് തന്റെ ലെറ്റര്‍ പാഡ് വ്യാജമായി നിര്‍മിക്കേണ്ടി വന്നു. ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സരിത തനിക്ക് പണം നല്‍കിയെന്ന ആരോപണം മന്ത്രി ആര്യാടന്‍ മുഹമ്മദും നിഷേധിച്ചു. സരിത വന്നുകണ്ട് ഒന്നുരണ്ട് കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത് അപ്പോള്‍ത്തന്നെ തള്ളുകയും ചെയ്തു. അതല്ലാതെ സരിതയുമായി യാതൊരു ബന്ധവുമില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏഴു കോടി രൂപ കോഴയായി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍ പറഞ്ഞുവെന്നാണ് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ സോളര്‍ കമ്മിഷനില്‍ മൊഴിനല്‍കിയത്. മുഖ്യമന്ത്രിക്കുള്ള പണം ഡല്‍ഹിയില്‍ കൈമാറണമെന്നാണ് ജിക്കു ആവശ്യപ്പെട്ടത്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി പത്തു ലക്ഷം രൂപ നല്‍കി.

ദേശീയ വികസന സമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് തോമസ് കുരുവിളയുടെ കൈയ്യില്‍ പണം നല്‍കിയത്. പിന്നീട് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ച് 80 ലക്ഷം രൂപയും കുരുവിളയ്ക്ക് കൈമാറിയെന്നും സരിത പറഞ്ഞു.

Top