കോവിഡ് നിയന്ത്രണത്തില്‍ കേരളം വന്‍ പരാജയമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍ പരാജയമായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതെക്കുറിച്ചു പഠിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉള്‍പ്പെടുത്തി അടിയന്തരമായി സമതി രൂപീകരിക്കണം. ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 10 ജില്ലകളില്‍ 7ഉം കേരളത്തിലാണ്.

രാജ്യത്ത് പ്രതിദിനമുള്ള കേസുകളില്‍ അമ്പതു ശതമാനവും ഇവിടെ, ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരത്തിലാണ്. 3722 മരണങ്ങളുമായി രാജ്യത്ത് പന്ത്രണ്ടാമത്. ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കൂടുതല്‍ ജനസാന്ദ്രത കേരളത്തിലാണെന്നും പ്രായമായവരും പ്രമേഹരോഗികളും കൂടുതലാണെന്നും മറ്റുമാണ് സര്‍ക്കാരിന്റെ ന്യായീകരണം.

തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിനെയും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ ഡല്‍ഹി, യുപി, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കോവിഡ് നിയന്ത്രിക്കപ്പെട്ടു. പ്രമേഹരോഗികളുടെ കാര്യമെടുത്താലും കേരളത്തെക്കാള്‍ മുന്നില്‍ സംസ്ഥാനങ്ങളുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണവിധേയമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top