അധികാരം ഉപയോഗിച്ചതാണ് ഉമ്മൻചാണ്ടിയുടെ ജനപ്രീതിയ്ക്ക് കാരണം, എന്നാൽ വി.എസ് അങ്ങനെ ആയിരുന്നില്ല !

കേരളത്തിന്റെ ചരിത്രത്തിൽ ജനങ്ങളുടെ മനസ്സുകൾ കീഴടക്കിയ കമ്യൂണിസ്റ്റ് നേതാക്കൾ എ.കെ.ജിയും പി കൃഷ്ണ പിളളയും ഇ.എം.എസും നായനാരും വിഎസും ഉൾപ്പെടെ നിരവധിയുണ്ടെങ്കിലും കോൺഗ്രസ്സിൽ ആ പട്ടിക വളരെ ചെറുതാണ്. പ്രധാനമായും ആ പാർട്ടിയിൽ ചൂണ്ടിക്കാട്ടാനുള്ളത് ആർ ശങ്കറിന്റെയും പനമ്പിള്ളി ഗോവിന്ദമേനോന്റെയും കെ.കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും പേരുകളാണ്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനപങ്കാളിത്വത്തോടെയുള്ള യാത്രയയിപ്പാണ് ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാവുകയില്ല.

ദൃശ്യമാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും കടന്നുവരവും ജനപങ്കാളിത്വത്തിനു വലിയ രൂപത്തിൽ സഹായകരമായിട്ടുണ്ട്. ഉമ്മൻ ചാണ്ടി മരണപ്പെട്ടതു മുതൽ സംസ്ക്കാരം നടക്കുന്ന ദിവസം വരെ എല്ലാ മലയാള മാധ്യമങ്ങളും 24/7 ആയാണ് ഉമ്മൻ ചാണ്ടിയുടെ വേർപാട് റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും വിലാപയാത്ര വൈറലാണ്. തിരുവനന്തപുരത്തു നിന്നും കോട്ടയം തിരുനക്കരയിൽ എത്താൻ 28 മണിക്കൂറാണ് എടുത്തിരിക്കുന്നത്. വെറും 150 കിലോമീറ്റർ താണ്ടാൻ ഇത്രമാത്രം സമയം എടുത്തത് ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ പതിനായിരങ്ങൾ ഒഴുകി എത്തിയതു കൊണ്ടു മാത്രമാണ്.

ജനങ്ങൾ ഇത്രമാത്രം ഉമ്മൻ ചാണ്ടിയെ സ്നേഹിച്ചിരുന്നുവോ എന്നത് കോൺഗ്രസ്സ് നേതാക്കളെ പോലും ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കേരളം നെഞ്ചേറ്റിയ അവശേഷിക്കുന്ന ഒരേ ഒരു ജനനേതാവ് സി.പി.എം. സ്ഥാപകനായ വി.എസ് അച്ചുതാനന്ദൻ മാത്രമാണ്. ഉമ്മൻചാണ്ടി അദ്ദേഹത്തിനു ലഭിച്ച അധികാര സ്ഥാനങ്ങൾ ഉപയോഗപ്പെടുത്തി നൽകിയ സേവനം പ്രയോജനപ്പെടുത്തിയാണ് ഇത്രയധികം ജനപിന്തുണ നേടിയെടുത്തിരിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിൽ കണ്ണൂരിൽ നിന്നും ലഭിച്ച കല്ലേറ് ഒഴികെ മറ്റൊരു ശാരീരികമായ കടന്നാക്രമണത്തിനും അദ്ദേഹം വിധേയനായിട്ടില്ല.

എന്നാൽ നൂറാം വയസ്സിലേക്ക് കടന്നിരിക്കുന്ന വി.എസിന്റെ അവസ്ഥ അതായിരുന്നില്ല. വി.എസ് രാഷ്ട്രീയ ജീവിതത്തിൽ അനുഭവിച്ച ത്യാഗമൊന്നും ഇപ്പോൾ രാജ്യത്ത് ജീവിച്ചിരിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവും അനുഭവിച്ചിട്ടില്ല. സിനിമാ കഥകളെ പോലും വെല്ലുന്ന ഒരു പോരാട്ട ചരിത്രമാണത്. ഈ ഘട്ടത്തിൽ അതും നാം ഓർക്കേണ്ടതുണ്ട്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്ത് മാസം മുൻപ് തിരുവിതാംകൂറിലെ സാധാരണ തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ പുന്നപ്രവയലാർ സമരത്തിന്റെ നേതൃനിരയിൽ സധൈര്യം നിലയുറപ്പിച്ച ധീര വിപ്ലവകാരിയാണ് വി.എസ് അച്യുതാനന്ദൻ. ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റം സാധ്യമാക്കിയ ഈ മണ്ണിൽ നാലുതലമുറകളെ ആവേശപൂർവ്വം നയിച്ച നേതാവ് എന്ന ബഹുമതിയും വി.എസ് അച്യുതാനന്ദന് മാത്രം അവകാശപ്പെട്ടതാണ്. 21-ാം നൂറ്റാണ്ടിലും പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിത്തറയിൽ ചവിട്ടി നിന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ന്യൂ ജനറേഷൻ യൗവ്വനങ്ങൾക്കും രാഷ്ട്രീയ അറിവുകളും വിപ്ലവ ആവേശവും പകർന്ന് നൽകിയ നേതാവാണ് വി.എസ്.

vs-achuthanandan

അഴിമതി ഭൂമികയ്യേറ്റം തൊഴിൽ പ്രശ്‌നം പരിസ്ഥിതി സ്ത്രീപീഢനങ്ങൾ തുടങ്ങി ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന സകല പ്രശ്‌നങ്ങളിലും ഇടപെട്ട് പുതിയ പോർമുഖം തന്നെയാണ് വി.എസ് തുറന്നിരുന്നത്. പ്രളയവും ഉരുൾപൊട്ടലും ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മൾ പരസ്ഥിതിതിയെ കുറിച്ച് ചർച്ച ചെയ്യാറുള്ളത്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ ഒരു മുഖ്യധാരാ രാഷ്ട്രീയ മുദ്രാവാക്യമാക്കി കേരളത്തിൽ ആദ്യമായി ഉയർത്തിയത് തന്നെ വി.എസ് എന്ന കമ്മ്യൂണിസ്റ്റായിരുന്നു.

പതിറ്റാണ്ടുകൾക്കപ്പുറം കുട്ടനാട്ടിലെ നെൽവയലുകൾ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകൾ പണിത് തുടങ്ങിയപ്പോഴാണ് വി.എസ് വയൽ നികത്തലിന് എതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നത്. അന്നത് ‘വെട്ടിനിരത്തൽ സമരം’ എന്ന പേരിൽ വിമർശിക്കപ്പെട്ടെങ്കിലും കൃഷിയിടങ്ങൾ ഓർമ്മയായി മാറി കൊണ്ടിരിക്കുന്ന ഈ പുതിയ കാലം വി.എസ് അന്നു സ്വീകരിച്ച നിലപാട് തന്നെയാണ് ശരിയെന്നത് ഇപ്പോൾ നാടിനെ തന്ന ബോധ്യപ്പെടുത്തി തന്നിരിക്കുകയാണ്.

ഇന്ന് കേരളത്തിൽ നടന്ന് വരുന്ന എല്ലാ പരിസ്ഥിതി സമരങ്ങളുടേയും ഒരു ആധികാരിക തുടക്കം എന്നു പറയുന്നത് കുട്ടനാട്ടിൽ മുൻപ് നടന്ന ‘ആ’ വെട്ടിനിരത്തൽ സമരം തന്നെയാണ്. ആരൊക്കെ നിഷേധിച്ചാലും അതു തന്നെയാണ് യാഥാർത്ഥ്യം. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള, നഴ്സിംങ്ങ് സമരം, മൂന്നാറിലെ ‘പൊമ്പിളൈ ഒരുമൈ’ സമരം, തുടങ്ങി വിവിധ ജനകീയപ്രശ്നങ്ങളിലെ ഇടപെടലുകളും വി.എസിന് വലിയ ജനസമ്മതിയാണ് നേടി കൊടുത്തിരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിനെയും അടുപ്പിക്കാതെ മൂന്നാറിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തിയ ‘പൊമ്പിളൈ ഒരുമൈ’ സമരക്കാർ ആ സമരമുഖത്ത് ഒരു കസേരയിട്ട് സ്വീകരിച്ചത് വി.എസിനെ മാത്രമായിരുന്നു.

സമാനമായ സാഹചര്യമാണ് എറണാകുളത്തെ നഴ്സിംങ്ങ് സമരത്തിലും ദൃശ്യമായിരുന്നത്. ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ച നഴ്സുമാരെ താഴെയിറക്കാൻ വി.എസിന്റെ സാന്നിധ്യത്തിനും ഇടപെടലിനും മാത്രമാണ് കഴിഞ്ഞിരുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ വി.എസിനു കരുത്തു നൽകിയിരുന്നത് ഐതിഹാസികമായ പുന്നപ്രവയലാർ സമരത്തിന്റെ തീക്ഷ്ണാനുഭവങ്ങൾ തന്നെയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വിമർശകർക്കു പോലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകാനിടയില്ല.

കേരളത്തിലെ വിപ്ലവമനസ്സുകളെ സംബന്ധിച്ച് ഇന്നും സിരകളിൽ അഗ്‌നി പടർത്തുന്ന ഓർമ്മയാണ് പുന്നപ്ര വയലാർ സമരം. ദിവാന്റെ പോലീസ് ഭീകരതയും സ്ത്രീകൾക്ക് എതിരായുള്ള അതിക്രമങ്ങളും എല്ലാ അതിരുകളും ലംഘിച്ചപ്പോഴാണ് പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അന്നത്തെ കമ്യൂണിസ്റ്റു പാർട്ടി തീരുമാനമെടുത്തിരുന്നത്. തുടർന്ന് 1946 ഒക്ടോബർ മാസത്തിൽ പുന്നപ്രയിലെ പോലീസ് ക്യാമ്പ് ആക്രമിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഈ ദൗത്യം സധൈര്യം നടപ്പാക്കുന്നതിൽ മുഖ്യ സൂത്രധാരനായിരുന്നു വി.എസ്.\

അന്നത്തെ ഏറ്റുമുട്ടലിൽ അനവധി തൊഴിലാളികളെയാണ് പോലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നിരുന്നത്. പോലീസ് ഭീകരതയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്റെ തല തന്നെ കൊയ്തെടുത്താണ് സമരപോരാളികൾ ഇതിനു പകരം വീട്ടിയിരുന്നത്. പോലീസിന്റെ വാറണ്ട് നിലവിലുണ്ടായിരുന്ന സമയത്തു തന്നെയാണ് പുന്നപ്രയുടെ മണ്ണിൽ ആയിരത്തോളം തൊഴിലാളികളെ സമരസജ്ജരാക്കി വി.എസ് പ്രസംഗിച്ചിരുന്നത് എന്നതും നാം ഒർക്കണം. ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ശേഷം പോലീസിൽ നിന്നും പിടിച്ചുവാങ്ങിയ തോക്കുകളെല്ലാം വി.എസിന്റെ നിർദ്ദേശ പ്രകാരം പിന്നീട് ആറിൽ ഒഴുക്കി കളഞ്ഞതും പുന്നപ്രയുടെ ചരിത്രമാണ്.

ഈ രക്തരൂഷിത പോരാട്ടത്തിന്റെ മുഖ്യ സൂത്രധാരനായ വി.എസിനെ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയിരുന്നത്. തുടർന്ന് ലോക്കപ്പിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നത് സമാനതകളില്ലാത്ത മർദ്ദനമാണ്. ജയിലഴിക്കുള്ളിൽ കാലുകൾ പുറത്തേക്ക് വലിച്ചിട്ട് ലാത്തിവച്ച് കെട്ടിയശേഷം ഭീകരമായാണ് വി.എസിനെ മർദ്ദിച്ചിരുന്നത്. ബോധം നശിച്ച വി.എസിന്റെ കാലിൽ തോക്കിന്റെ ബയണറ്റും കുത്തിയിറക്കുകയുണ്ടായി. പാദം തുളച്ച്‌ കയറി മറുവശത്ത് എത്തിയ ആ പാടുകൾ ഇന്നും വി.എസിന്റെ കാലുകളിൽ വ്യക്തമായുണ്ട്. മരിച്ചു എന്നു കരുതി അന്ന് പൊലീസ് ഉപേക്ഷിച്ച ഇടത്തു നിന്നാണ് വർദ്ധിച്ച വീര്യത്തോടെ വി.എസ് വീണ്ടും ഉയർത്തെഴുന്നേറ്റു വന്നിരുന്നത്. ബാക്കി എല്ലാം പുതിയ തലമുറയും അറിയുന്ന ചരിത്രമാണ്.

അധികാരം ഉണ്ടെങ്കിൽ ജനസേവനം നടത്താൻ വിചാരിച്ചാൽ ഏത് നേതാവിനും സാധിക്കും. എന്നാൽ മുഖ്യമന്ത്രിയായിരുന്ന കാലത്തേക്കാൾ അധികാരം ഇല്ലാത്ത കാലത്താണ് വി.എസ് ഏറ്റവും അധികം ഇടപെടലുകൾ നടത്തിയിരിക്കുന്നത്. അങ്ങനെ ഒരുചരിത്രം ഉമ്മൻ ചാണ്ടിക്കു പോലും അവകാശപ്പെടാൻ കഴിയുകയില്ല. കമ്യൂണിസ്റ്റായി പ്രവർത്തിച്ചാൽ കൊന്നുകളയുന്ന ഭരണകൂടങ്ങളുടെ കാലത്താണ് മരണത്തിന്റെ മുഖത്ത് ചവിട്ടി പാവങ്ങൾക്കായി വിഎസ് പൊരുതിയിരിക്കുന്നത്. വി.എസിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും ചോരയിൽ എഴുതിയ ഈ ചരിത്രം തന്നെയാണ്. പുതിയ കാലവും അത് അടയാളപ്പെടുത്തുക തന്നെ ചെയ്യും.

EXPRESS KERALA VIEW

Top