ആന്റണിയെ ഇറക്കി ‘മുഖ്യമന്ത്രി’യാക്കാൻ മുല്ലപ്പളളിയുടെ തന്ത്രപരമായ കരു നീക്കം

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കരുനീക്കം പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ കരുത്തിലെന്ന ആശങ്കയില്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍. കെ.പി.സി.സി നേതൃത്വം ആള്‍ക്കൂട്ടമാകരുതെന്ന മുന്നറിയിപ്പിനോടൊപ്പം എം.എല്‍.എമാരേയും എം.പിമാരെയും ഭാരവാഹികളാക്കരുതെന്ന നിര്‍ദേശമാണ് മുല്ലപ്പള്ളി മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ നീക്കത്തിനെതിരായ നിലപാടാണിപ്പോള്‍ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ജീവമാണെന്ന മുസ്‌ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും പരാതിയെ തുടര്‍ന്ന് ഹൈക്കമാന്റ് പിന്തുണയില്‍ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങുമോ എന്ന ഭീതിയും ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുണ്ട്. അധികാരം കിട്ടുമെന്ന് കണ്ടാല്‍ ആന്റണിക്ക് അനാരോഗ്യമൊന്നും തടസമാവില്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ വിലയിരുത്തല്‍.

കെ. കരുണാകരനെ നീക്കാനുള്ള ഗ്രൂപ്പ് യുദ്ധത്തില്‍ വിജയിച്ച് കേന്ദ്ര ഭക്ഷ്യ മന്ത്രി സ്ഥാനം രാജിവെച്ച് പ്രത്യേക വിമാനത്തില്‍ പറന്നിറങ്ങി മുഖ്യമന്ത്രിയായ ചരിത്രമാണ് ആന്റണിക്കുള്ളത്. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നെഞ്ചിടിപ്പേറ്റുന്നത്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഉപേക്ഷിച്ചതും ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് പരാജയമെന്ന വിലയിരുത്തലും എ.കെ ആന്റണിക്ക് വഴിയൊരുക്കുന്ന രാഷ്ട്രീയ സാഹചര്യമാണ്. ഭാരവാഹികളുടെ എണ്ണം കുറച്ച് കാര്യപ്രാപ്തിയുള്ളവരെ ഭാരവാഹികളാക്കണമെന്ന മുല്ലപ്പള്ളിയുടെ കടുംപിടുത്തം വെട്ടിയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ഭാരവാഹികളുടെ എണ്ണം നൂറിനടുത്താക്കിയിരിക്കുന്നത്.

എം.എല്‍.എമാരെയും എം.പിമാരെയും ഭാരവാഹികളാക്കേണ്ടെന്ന മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി മുഖവിലക്കെടുത്തെങ്കിലും ചെന്നിത്തല വഴങ്ങിയിട്ടില്ല. കെ.സുധാകരനും വി.ഡി സതീശനും എ.പി അനില്‍കുമാറുമടക്കം ഒരുപിടി ജനപ്രതിനിധികളെയാണ് ചെന്നിത്തല ഐ ഗ്രൂപ്പ് നോമിനികളാക്കി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ജനപ്രതിനിധികളെ ഭാരവാഹിത്വത്തിലേക്ക് നിര്‍ദ്ദേശിക്കാന്‍ എ ഗ്രൂപ്പും നിര്‍ബന്ധിതമാകുകയായിരുന്നു.ഗ്രൂപ്പും സമുദായ സമവാക്യവുമെല്ലാം പരിഗണിച്ച് കഴിഞ്ഞതോടെ ഭാരവാഹികളുടെ എണ്ണം നൂറായി മാറിയിട്ടുണ്ട്. ഈ ജംബോ പട്ടികയില്‍ ഹൈക്കമാന്റ് നേതൃത്വം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റിലെ വിജയം എന്ന ചരിത്ര നേട്ടത്തില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ കൈവിട്ട അവസ്ഥയാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഇടതുപക്ഷത്തിനാകട്ടെ പിണറായിയുടെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയെന്ന വികാരം ഉയര്‍ത്താനും ഇതിനകം കഴിഞ്ഞിട്ടുണ്ട്.

എം.എല്‍.എമാരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചതിനെതിരെ എം.എം ഹസന്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായെത്തിയതോടെ ഉപതെരഞ്ഞെടുപ്പില്‍ സിക്‌സറടിക്കുമെന്ന് വീമ്പിളക്കിയ മുല്ലപ്പള്ളി പാര്‍ട്ടിയിലും ഒറ്റപ്പെടുന്ന അവസ്ഥയാണുണ്ടായത്. തോല്‍വിയുടെ പാപഭാരം ഇനി ഒറ്റക്ക് ചുമക്കാനാവില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ജംബോ പട്ടികക്ക് മുല്ലപ്പള്ളിയും സമ്മതംമൂളിയത്. ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമടക്കമുള്ള 63 ഭാരവാഹികളാണ് നിലവില്‍ കെ.പി.സി.സിക്കുള്ളത്. ഇവരില്‍ പലരും നിര്‍ജീവവുമാണ്. ഗ്രൂപ്പ് നോമിനികളായി ഭാരവാഹികളായ ഇവര്‍ പാര്‍ട്ടി പദവി അലങ്കാരമായി കൊണ്ടുനടക്കുന്നവരുമാണ്.

ജംബോ ഭാരവാഹികളുമായി കോണ്‍ഗ്രസിനെ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നു മനസിലാക്കി ആദ്യം നടപടി സ്വീകരിച്ചത് വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോഴായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിക്കാണ് അന്ന് രൂപം നല്‍കിയിരുന്നത്. പിന്നീട് സുധീരന്‍ മാറി ഹസന്‍ വന്നപ്പോഴും രാഷ്ട്രീയകാര്യസമിതി തുടരുകയായിരുന്നു. മുല്ലപ്പള്ളി ചുമതലയേറ്റെടുത്തതോടെ രാഷ്ട്രീയകാര്യസമിതിക്കൊപ്പം ഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചുനല്‍കുകയാണ് ചെയതിരുന്നത്.

സി.പി.എം അടക്കമുള്ള പാര്‍ട്ടികളില്‍ ചിട്ടയോടെ സമ്മേളനങ്ങളും സംഘടനാതെരഞ്ഞെടുപ്പും നടക്കുമ്പോള്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ട് തന്നെ പതിറ്റാണ്ടുകളായി. ഗ്രൂപ്പ് മാനേജര്‍മാര്‍ ഒത്തുചേര്‍ന്ന് നോമിനേഷനിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്നതാണ് നിലവിലെ രീതി.

ഗ്രൂപ്പുകളിയില്ലാതെ സംഘടനാതെരഞ്ഞെടുപ്പ് നടത്തി കോണ്‍ഗ്രസില്‍ പുതിയ നേതൃത്വത്തെ കൊണ്ടുവരാനുള്ള വി.എംസുധീരന്റെ നീക്കത്തെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒത്തുചേര്‍ന്നാണ് പൊളിച്ചിരുന്നത്.കെ.പി.സി.സിയേക്കാള്‍ വലിയ ഭാരവാഹിപ്പടയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കുമുള്ളത്. 50മുതല്‍ 55 ഭാരവാഹികളെ വരെയാണ് മിക്കയിടത്തും നിലനിര്‍ത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ 73 ഭാരവാഹികള്‍വരെയുണ്ട്. അതേസമയം സംഘടനാ സംവിധാനം ചലിപ്പിക്കേണ്ട ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിലാവട്ടെ പ്രവര്‍ത്തനം നിര്‍ജീവവുമാണ്.പിണറായി സര്‍ക്കാരിനെതിരെ ഒരു ജനകീയ സമരം പോലും ഉയര്‍ത്തി കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്നു മന്ത്രിമാര്‍ മന്ത്രിസഭയില്‍ നിന്നും രാജിവെക്കേണ്ടി വന്നതിലും പ്രതിപക്ഷത്തിന് ഒരു റോളുമുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ നിലപാടുകളാണ് മന്ത്രിമാരുടെ രാജിക്കും തിരിച്ചുവരവിനുമെല്ലാം വഴിയൊരുക്കിയിരുന്നത്.

സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ നിരവധി വിഷയങ്ങള്‍ വീണുകിട്ടിയിട്ടും ഒന്നുപോലും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ദയനീയാവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല പരാജയമാണെന്ന ആക്ഷേപം ഘടകകക്ഷികള്‍ വരെ ഉയര്‍ത്തിക്കഴിഞ്ഞു. പ്രതിപക്ഷത്തിന് സമരത്തിലൂടെ കരുത്ത് പകരുന്ന യൂത്ത് കോണ്‍ഗ്രസിന് സംസ്ഥാന -ജില്ലാ കമ്മിറ്റികള്‍പോലും നിലവിലില്ല. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പോ നാമനിര്‍ദ്ദേശമോ എന്ന തര്‍ക്കംപോലും ഇതുവരെ തീര്‍പ്പാക്കിയിട്ടുമില്ല. ഒറ്റപ്പെട്ട സമരങ്ങളെങ്കിലും നടത്തുന്നത് കെ.എസ്.യു മാത്രമാണ്. സംഘടനാ സംവിധാനം ശക്തമല്ലാത്തതിനാല്‍ അതൊട്ടും ഏശുന്നുമില്ല.

യു.ഡി.എഫിലെ മൂന്നാമത്തെ വലിയകക്ഷിയായ കോണ്‍ഗ്രസില്‍ പി.ജെ. ജോസഫും ജോസ് കെ. മാണിയും രണ്ടു പാര്‍ട്ടികളെ പ്പോലെയാണ് പെരുമാറുന്നത്. പാലായിലെ തോല്‍വിക്കു ശേഷവും കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിസംഗതക്കെതിരെ മുസ്‌ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പരാതിയും പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ആള്‍ക്കൂട്ടത്തെയല്ല കാര്യപ്രാപ്തിയുള്ള ഭാരവാഹികളെയാണ് വേണ്ടതെന്ന മുല്ലപ്പള്ളിയുടെ നിലപാടും ചര്‍ച്ച ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ഈ നിലപാട് എ.കെ. ആന്റണിയുടെ കരുത്തിലാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍. പ്രവര്‍ത്തക സമിതി അംഗമായ ആന്റണിക്ക് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ ഇപ്പോള്‍ കാര്യമായ റോളില്ല. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലാണിപ്പോള്‍ കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായി വിലസുന്നത്. ഇതാണ് കേരളത്തെ നോട്ടമിടാന്‍ ആന്റണിയേയും പ്രേരിപ്പിക്കുന്നത്.

ഗ്രൂപ്പ് രാഷ്ട്രീയം എന്നും കോണ്‍ഗ്രസിന് ഉണങ്ങാത്ത മുറിവുകളാണ് സമ്മാനിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പും രണ്ടു പാര്‍ട്ടികളെപ്പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ആന്റണിയുടെ നേതൃത്വത്തില്‍ എ വിഭാഗം കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കുകയും നായനാര്‍ മന്ത്രിസഭയില്‍ ആര്യാടന്‍ മുഹമ്മദിനെ മന്ത്രിയാക്കുകയും ചെയ്തിരുന്നു. പിന്നീട് ഇടതുബന്ധം ഉപേക്ഷിച്ച് ഈ വിഭാഗം കോണ്‍ഗ്രസില്‍ മടങ്ങിയെത്തുകയാണുണ്ടായത്. എന്നാല്‍ ലയിച്ചിട്ടും ആന്റണിയും കരുണാകരനും ഒരേ പര്‍ട്ടിയില്‍ വിരുദ്ധ ധ്രുവങ്ങളില്‍ തന്നെയായിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംഘടനാ തെരഞ്ഞെടുപ്പില്‍ ആന്റണിക്കെതിരെ വയലാര്‍ രവിയെ മത്സരിപ്പിച്ച് വിജയിപ്പിച്ചാണ് കരുണാകരന്‍ ‘പഴയ’ കണക്ക് തീര്‍ത്തിരുന്നത്. ഇല്ലാത്ത ചാരക്കേസുയര്‍ത്തി കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കി എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കിയാണ് എ ഗ്രൂപ്പ് ഇതിന് തിരിച്ചടി നല്‍കിയിരുന്നത്. എ.കെ ആന്റണിക്ക് മുഖ്യമന്ത്രിയാകാന്‍ കെ. മുരളീധരന് കെ.പി.സി.സി പ്രസിഡന്റ്സ്ഥാനമാണ് കരുണാകരന്‍ ഇടപെട്ട് പിടിച്ചുവാങ്ങിയിരുന്നത്. പിന്നീട് ആന്റണിയുമായി ഇടഞ്ഞ് ഡി.ഐ.സിയിലേക്ക് കരുണാകരനും മുരളിയും പോയതോടെ ഐ ഗ്രൂപ്പ് തന്നെ ഇല്ലാതാവുകയായിരുന്നു. ചെറിയ ഇടവേളക്ക് ശേഷം കരുണാകരനും മുരളിയും മടങ്ങിയെത്തിയപ്പോഴേക്കും വിശാല ഐ ഗ്രൂപ്പിന്റെ നേതൃത്വം രമേശ്‌ചെന്നിത്തല കയ്യടക്കിവെച്ചിരുന്നു.

പഴയ എതിരാളിയായ മുരളീധരന്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനാണ്. മുരളീധരനെ ഒതുക്കാനുള്ള ചെന്നിത്തലയുടെ നീക്കം വെട്ടി വട്ടിയൂര്‍ക്കാവില്‍ സീറ്റ് നല്‍കിയതാകട്ടെ ആന്റണി ഇടപ്പെട്ടുമായിരുന്നു. കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറി ആന്റണി ഡല്‍ഹിയിലേക്ക് തട്ടകം മാറ്റിയതോടെ എ ഗ്രൂപ്പ് നേതൃത്വം പൂര്‍ണമായും ഉമ്മന്‍ചാണ്ടിയുടെ നിയന്ത്രണത്തിലാവുകയായിരുന്നു. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ പരാജയത്തോടെ പ്രതിപക്ഷനേതൃസ്ഥാനം പോലും ഏറ്റെടുക്കാതെ നിലവില്‍ മാറി നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തലക്ക് ലഭിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ എ.കെ ആന്റണി യു.ഡി.എഫ് നേതൃത്വത്തിലേക്കെത്തുന്നതിന് ഘടക കക്ഷികളും തല്‍പരരാണ്. ചെന്നിത്തല മുഖ്യമന്ത്രി കസേരയില്‍ എത്തുന്നതിലും നല്ലത് ആന്റണി വരുന്നതാണ് നല്ലതെന്ന നിലപാടാണ് എ ഗ്രൂപ്പിനുമുള്ളത്. ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി ആന്റണിക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടികാട്ടുന്നത്.

Political Reporter

Top