ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി നേതൃത്വം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കെ സുധാകരനും വി ഡി സതീശനും ഹൈക്കമാന്‍ഡിനെ സമീപിക്കും. ഇരുവര്‍ക്കും എതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ തീരുമാനം.

നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും, യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ലെന്നും കെപിസിസി നേതൃത്വം അറിയിച്ചു.

തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയിട്ടും മുന്നണിയോഗത്തിന് എത്താതിരുന്നത് മന:പൂര്‍വമാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ല. എന്നാലിപ്പോള്‍ അതും സംഭവിച്ചുവെന്നാണ് കെ പി സി സി നേതൃത്വം പറയുന്നത്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രധാന പരാതി. ഇവര്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും കെ പി സി സി നേതൃത്വം പറയുന്നു.

നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ യശസ്സ് ഇല്ലാതാക്കാന്‍ ഈ നേതാക്കള്‍ ശ്രമിക്കുകയാണ്. ഘടക കക്ഷികള്‍ക്കിടയിലും പാര്‍ട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതത്വം ഹൈക്കമാന്‍ഡിനെ അറിയിക്കും.

Top