oommen chandy on ldf liquor policy

Omman Chandy

മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫിന്റെ മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

യുഡിഎഫ് മദ്യനയത്തെ പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ എതിര്‍ത്തവര്‍ക്കിന്ന് മദ്യനയമില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പുമൂലമാണ് മദ്യനയം നടപ്പാക്കാന്‍ വൈകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ജനങ്ങളെ ഭയക്കുന്ന എന്തോ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടെന്നും അതിനാലാണ് അവര്‍ മദ്യനയം നടപ്പാക്കാന്‍ താമസിപ്പിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെ കരുണാകരന്റെ കാലത്ത് ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് മദ്യനയം നടപ്പാക്കിയത്. എ കെ ആന്റണിയുടെ കാലത്ത് ചാരയം നിരോധിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ബാറുകളെ കുറിച്ച് വ്യക്തമായ നിലപാടുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിവറേജസിന്റെ ഔട്ട്‌ലെറ്റുകള്‍ പത്തു ശതമാനം വീതം യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കിയില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ബിവ്‌റേജസിന്റെ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ ജനവികാരങ്ങള്‍ കണക്കിലെടുക്കണം. ജനവാസ കേന്ദ്രങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കരുത്. സര്‍ക്കാരിന്റെ മദ്യം നയം വരട്ടെയെന്നും ജനപക്ഷനയമല്ലെങ്കില്‍ എതിര്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Top