തെറ്റ് തിരുത്തലല്ല, ആവര്‍ത്തിക്കലാണ് സര്‍ക്കാര്‍ നയം : ഉമ്മന്‍ചാണ്ടി

oommen chandy

തിരുവനന്തപുരം: തെറ്റ് തിരുത്തലല്ല, ആര്‍വത്തിക്കലാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സി.പി.ഐ പ്രവര്‍ത്തകരെ ആക്രമിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോളജ്, പിഎസ്‌സി വിഷയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

അതേസമയം പി.എസ്.സിയിലെയും യൂണിവേഴ്‌സിറ്റികളിലെയും ക്രമക്കേട് സംബന്ധിച്ച കേസിലെ അന്വേഷണങ്ങള്‍ മുഖ്യമന്ത്രി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കുറ്റങ്ങളെല്ലാം പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും തലയില്‍ കെട്ടിവെക്കാനാണ് ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ഉപരോധത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ്. നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് വലയുകയാണ് ജനങ്ങള്‍.

സെക്രട്ടേറിയറ്റിലേക്കുള്ള മിക്ക റോഡുകളും പൊലീസ് അടച്ചു. കാല്‍നട യാത്രക്കാരെപ്പോലും ഇതുവഴി കടത്തിവിടുന്നില്ല. സെക്രട്ടേറിയേറ്റ് ജീവനക്കാരെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിന് ശേഷം മാത്രമാണ് കടത്തിവിടുന്നത്.

നഗരത്തില്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയേറ്റിന് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിമാരുടെ വാഹനങ്ങള്‍ തടഞ്ഞുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയത്. സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റും ഉപരോധിച്ച് രാവിലെ ആറ് മുതല്‍ ഉച്ച വരെയാണ് ഉപരോധം നടത്തുക

സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേര്‍ച്ച അടക്കുമള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് ഉപരോധം സംഘടിപ്പിച്ചത്.

Top