ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറും എടുത്ത നിലപാട്

oommenchandy

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ വഹിക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നിലപാട് സ്വീകരിച്ചിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിനു കത്തും അയച്ചിരുന്നു.

മന്‍മോഹന്‍സിങ് പ്രധാനമന്ത്രി ആയിരിക്കെ നിയമിച്ച മദന്‍ മോഹന്‍ പുഞ്ചി കമ്മിഷന്റെ ശുപാര്‍ശകള്‍ സംബന്ധിച്ചു സംസ്ഥാനത്തോട് അഭിപ്രായം ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2015 ഓഗസ്റ്റ് 26ന് ചീഫ് സെക്രട്ടറി മറുപടി നല്‍കിയത്. ഭരണഘടനാപരം അല്ലാത്ത ചുമതലകള്‍ ഗവര്‍ണര്‍മാര്‍ വഹിക്കരുത് എന്ന ശുപാര്‍ശയാണ് അന്നു കമ്മിഷന്‍ നല്‍കിയത്. ഗവര്‍ണര്‍ പദവിയെ വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിക്കുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.

എന്നാല്‍ ഗവര്‍ണറുടെ ഭരണപരമായ അവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനാപരമായ മുന്നൂറിലേറെ വിഷയങ്ങളില്‍ പുഞ്ചി കമ്മിഷന്‍ കമ്മിഷന്‍ ഉന്നയിച്ച ചോദ്യാവലിയില്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഭിപ്രായം രാഷ്ട്രീയ തീരുമാനം അല്ലായിരുന്നെന്നും അത് ഉദ്യോഗസ്ഥ തലത്തില്‍ നല്‍കിയ മറുപടി മാത്രമായിരുന്നെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. അത് ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കം അപഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

”ഗവര്‍ണര്‍ക്ക് അനേകം ഉത്തരവാദിത്വങ്ങളുള്ള സാഹചര്യത്തില്‍ ചാന്‍സലര്‍ പദവി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാല്‍ ഈ ഉത്തരവാദിത്വം ഒഴിവാക്കുന്നതിനോടു യോജിപ്പുണ്ടോ എന്നായിരുന്നു ചോദ്യം. കമ്മീഷന്‍ മുന്നൂറിലേറെ ചോദ്യങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളില്‍ നിന്ന് ഉത്തരം തേടിയല്ലാതെ അതിന്മേല്‍ ഒരു തീരുമാനവും എടുത്തില്ല. അതു കമ്മീഷന്‍ നടത്തിയ വൈജ്ഞാനിക വ്യായാമം മാത്രമായിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ ദേശീയതലത്തില്‍ ഒരു തീരുമാനം ഉരുത്തിരിഞ്ഞിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സുചിന്തിതമായ തീരുമാനം അപ്പോള്‍ അറിയിക്കുമായിരുന്നു.” ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും മാറ്റണമെന്ന ശുപാര്‍ശയെ യുഡിഎഫ് പിന്തുണച്ചിരുന്നതായി തെളിയിക്കുന്ന കത്ത് ഇന്നലെയാണ് പുറത്ത് വന്നത്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിന് ഇടയിലാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന തെളിവു പുറത്തായത്. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കരുതെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫ് സ്വീകരിച്ച നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അന്നത്തെ ചീഫ് സെക്രട്ടറി ജി ജി തോംസണ്‍ അയച്ച കത്തിന്റെ പകര്‍പ്പാണ് പുറത്ത് വന്നത്.

എംഎം പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഭരണഘടനാപരമായ ചുമതലയുള്ള ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കേണ്ട ആവശ്യമില്ലെന്നും സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്ക് നല്‍കിയ തീരുമാനത്തില്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു.

Top