OOmmen Chandy goals mani as Finance Minister; Unresponed Sudheeran and Chennithala

തിരുവനന്തപുരം: കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.എം മാണിയെ ധനമന്ത്രി സ്ഥാനത്ത് തിരികെ എത്തിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കരുനീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത അഭിപ്രായഭിന്നതയും ഉടലെടുത്തിട്ടുണ്ട്.

മാണിയെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തി ഭരണതുടര്‍ച്ചക്കായുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. എന്നാല്‍ മാണിയെ ധനമന്ത്രിയാക്കുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പുള്ള വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തന്ത്രപരമായ മൗനം പാലിക്കുകയാണ്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കോടതി നടപടികൂടി വന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണവര്‍.

ബാര്‍കോഴക്കേസില്‍ ഹൈക്കോടതിയുടെ കുറ്റപ്പെടുത്തലിന്റെ പേരിലാണ് കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവെച്ചത്. അവസാന നിമിഷം വരെ ഉമ്മന്‍ചാണ്ടി മാണിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റും സുധീരനും ചെന്നിത്തലയും ശക്തമായ നിലപാട് സ്വീകരിച്ചതോടെ വഴങ്ങുകയായിരുന്നു. മാണിയെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയതിന് ചെന്നിത്തലക്കെതിരായ എതിര്‍പ്പ് ശക്തമായിതന്നെ മാണി പ്രകടിപ്പിച്ചിരുന്നു.

ധനമന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ മാണിക്കുതന്നെ ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. ബാര്‍കോഴയില്‍പെട്ട് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടിട്ടും കത്തോലിക്കാസഭാ നേതൃത്വത്തിന്റെ ഉറച്ച പിന്തുണയാണ് മാണിക്ക് ശക്തി പകര്‍ന്നത്.

നിലവില്‍ ബി.ജെ.പി ദേശീയനേതൃത്വം കേരളത്തില്‍ മാണിയെ എന്‍.ഡി.എയുമായി സഹകരിപ്പിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. അതിനാല്‍ മാണിയെ മന്ത്രി സ്ഥാനത്ത് മടക്കിയെത്തിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിന് കോണ്‍ഗ്രസ് ഹൈക്കമന്റ് പച്ചക്കൊടികാട്ടാനാണ് സാധ്യത.

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും എതിരെ സ്വന്തം ഗ്രൂപ്പുണ്ടാക്കിയ സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി അടുത്ത മുഖ്യമന്ത്രിയാകാനുള്ള നീക്കമാണ് നടത്തുന്നത്. അതിനാല്‍ എതിര്‍പ്പ് ഉള്ളിലൊതുക്കി മാണിയെ ധനമന്ത്രിയാക്കാന്‍ സമ്മതംമൂളുമെന്നാണ് അറിയുന്നത്.

Top