Oommen chandy criticized Vellapally’s statement

തിരുവനന്തപുരം: തനിക്കെതിരായി നിയമനടപടിക്ക് ആരെങ്കിലും അനുമതി ചോദിച്ചാല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡി.ജി.പി ജേക്കബ് തോമസ് മുഖ്യമന്ത്രിക്കെതിരെ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത് സംബന്ധിച്ച ചോദ്യത്തോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ജേക്കബ് തോമസ് കത്തു നല്‍കിയതായി അറിയില്ല. കഴിഞ്ഞ ദിവസവും ചീഫ് സെക്രട്ടറി ജിജി തോംസണിനെ കണ്ടിരുന്നു. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഇനി അനുമതി തേടുകയാണെങ്കില്‍ നിശ്ചയമായും അനുമതി നല്‍കും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്താന്‍ അറിയാമെന്ന് പറഞ്ഞത് നല്ല ഉദ്ദേശത്തിലാണ്. കേരളം മുകളിലേക്ക് വളരേണ്ടേ എന്നാണ് താന്‍ ചോദിച്ചത്. ഫ്‌ളാറ്റുകള്‍ വേണം. എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശം വര്‍ഗീയ വിഷം ചീറ്റുന്നതും വേദനാജകവുമാണ്. ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു അത്. വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് നിയമപരമായ തീരുമാനം അതിന്മേല്‍ കൈക്കൊള്ളും. സര്‍ക്കാരിന് നിയമപരമായേ പ്രവര്‍ത്തിക്കാനാവൂ. പ്രതിപക്ഷ നേതാവിന്റെ ഭാഷയില്‍ തനിക്ക് സംസാരിക്കാന്‍ കഴിയുമോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

Top