Oommen chandy challenging to commission to escape from the allegations; Pinarayi

കൊച്ചി: മുഖ്യമന്ത്രിയുടേയും കൂട്ടരുടെയും ബിനാമി കച്ചവടമാണ് സോളാര്‍ കമീഷന്‍ അന്വേഷിക്കുന്നതെന്ന സത്യം ഉമ്മന്‍ചാണ്ടി മറന്നു പോകരുതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ കമ്മീഷനെ തന്നെ വെല്ലുവിളിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

കമീഷന്‍ ബിനാമി കച്ചവടത്തിനുള്ള വേദി ആണെന്ന് ഉമ്മന്‍ ചാണ്ടി കരുതുന്നുണ്ടോ?.ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത് മാത്രമല്ല ഈ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ എന്നതും മറക്കരുത്. തനിക്ക് ക്ലീന്‍ ചിറ്റ് നേടിയെടുക്കാനുള്ള ഉപകരണമായി ജുഡീഷ്യല്‍ കമീഷന്‍ അധഃപതിക്കണം എന്ന വികാരമാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ തെളിഞ്ഞു കാണുന്നതെന്നും പിണറായി പോസ്റ്റില്‍ ആരോപിക്കുന്നു.

(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ)

ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ കമ്മീഷനെ തന്നെ വെല്ലുവിളിക്കുകയാണ്. കേരളം കണ്ട ഏറ്റവും ഉജ്വലമായ ബഹുജന സമരത്തിനു മുന്നില്‍ മുട്ടുമടക്കിയാണ് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അല്ലാതെ സത്യം പുറത്തു വരട്ടെ എന്ന് ഉമ്മന്‍ ചാണ്ടി സ്വമേധയാ കരുതിയതു കൊണ്ടല്ല. സിറ്റിങ്ങ് ജഡ്ജി അന്വേഷിക്കണം, അന്വേഷണ വിഷയങ്ങളില്‍ വ്യക്തത വേണം എന്നിങ്ങനെയുളള ആവശ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്വേഷണത്തില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ കമീഷനുമായി സഹകരിക്കുകയും ഞങ്ങളെല്ലാം ഹാജരായി തെളിവു നല്‍കുകയും ചെയ്തു. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ബിനാമികളെ വെച്ചു എന്നാണ്. കമീഷന്‍ ബിനാമി കച്ചവടത്തിനുള്ള വേദി ആണെന്ന് ഉമ്മന്‍ ചാണ്ടി കരുതുന്നുണ്ടോ? ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും ബിനാമി കച്ചവടമാണ് കമീഷന്‍ അന്വേഷിക്കുന്നതെന്ന സത്യം മറന്നു പോകരുത്. ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത് മാത്രമല്ല ഈ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ എന്നതും മറക്കരുത്. തനിക്ക് ക്ലീന്‍ ചിറ്റ് നേടിയെടുക്കാനുള്ള ഉപകരണമായി ജുഡീഷ്യല്‍ കമീഷന്‍ അധഃപതിക്കണം എന്ന വികാരമാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ തെളിഞ്ഞു കാണുന്നത്.

Top