Oommen chandy and team lose sleep about Vigilance director appointment

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സേനയെ ആകെ അമ്പരപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത ശക്തമായ തീരുമാനത്തില്‍ ഉറക്കം നഷ്ടപ്പെട്ടത് യുഡിഎഫ് നേതാക്കള്‍ക്ക്.

സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ തെറിപ്പിച്ചതോ പകരം ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചതോ അല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ ഉറക്കം കെടുത്തിയത്, മറിച്ച് ജേക്കബ് തോമസിന്റെ നിയമനമാണ്.

യുഡിഎഫ് സര്‍ക്കാര്‍ അപമാനിച്ച് വിട്ട ജേക്കബ് തോമസിന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കുകവഴി അഴിമതിക്കെതിരായി പുതിയ പോര്‍മുഖം തുറക്കുകയാണ് പിണറായി ചെയ്തത്.

പൊതുസമൂഹത്തിന്റെ കയ്യടി ഏറ്റവും അധികം ലഭിച്ച തീരുമാനമാണിത്. ഫേസ്ബുക്കിലൂടെ ജേക്കബ് തോമസിനെ ഐ.പി.എസിന്റെ ചട്ടം പഠിപ്പിച്ച സെന്‍കുമാറിനെ മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ ജേക്കബ് തോമസിനെ അപമാനിക്കാന്‍ നിയമിച്ച പൊലീസ് ഹൗസിംഗ് കോര്‍പ്പറേഷനിലേക്കയച്ചാണ് പിണറായി ജേക്കബ് തോമസിന് ഇരട്ടി മധുരം പകര്‍ന്നത്.

ഇനി അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി ജേക്കബ് തോമസിന് മുന്നോട്ട് പോകാം. ആരും തടയില്ല എന്ന സന്ദേശം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്ക് മാത്രമല്ല ജേക്കബ് തോമസിനെ ദ്രോഹിക്കാന്‍ തറവേല കാണിച്ച മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും ജേക്കബ് തോമസിന്റെ സ്ഥാനാരോഹണം കനത്ത തിരിച്ചടിയാണ്.

മുഖം നോക്കാതെ നിയമനം നടപ്പാക്കുന്ന ജേക്കബ് തോമസിന്റെ വലയില്‍ ഇവര്‍ കുടുങ്ങാന്‍ ഇനി എത്ര നാള്‍ എന്ന ചോദ്യം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ബാര്‍കോഴ കേസില്‍ അവസരവാദപരമായ നിലപാട് സ്വീകരിച്ച് മലക്കംമറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. സുകേശന്റെ ‘വര്‍ഗ്ഗവഞ്ചന’ ക്കെതിരെയും നടപടിയുണ്ടായേക്കാം.

സത്യസന്ധമായ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ തന്നെ വിജിലന്‍സില്‍ ഉടന്‍തന്നെ ജേക്കബ് തോമസിന്റെ സഹായത്തിനായി സര്‍ക്കാര്‍ നിമയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതി സംബന്ധമായ അന്വേഷണങ്ങളിലും ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ ഒരുങ്ങുന്ന മെത്രാന്‍ കായല്‍ അടക്കമുള്ള വിവാദ വിഷയങ്ങളിലും സമഗ്രമായ അന്വേഷണമാണ് ഇനി നടക്കുക.

പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ പോയിട്ട് പ്രതിരോധിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് തക്ക സമയത്ത് യുക്തമായും ശക്തമായുമെടുത്ത തീരുമാനത്തിലൂടെ പിണറായി സൃഷ്ടിച്ചിരിക്കുന്നത്.

Top