ഭവന സന്ദര്‍ശനത്തിനായി സിപിഎം സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തു: ഉമ്മന്‍ ചാണ്ടി

സിപിഎമ്മിന്റെ ഭവന സന്ദര്‍ശനത്തിന് ലഘുലേഖ സര്‍ക്കാര്‍ ചിലവിലെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുഭിക്ഷം, ഭദ്ര, സുരക്ഷിതം എന്ന പേരില്‍ ലഖുലേകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആരോപണം.മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ ഉമ്മന്‍ ചാണ്ടി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ലഘുലേഖയുടെ 75 ലക്ഷം കോപ്പികളാണ് സിപിഎം അച്ചടിക്കുന്നത്. പ്രവാസികളുടെ ക്വാറന്റീന്‍ ചെലവുകള്‍ വഹിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ എന്തിനാണ് ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

സംസ്ഥാനത്തെ മൂന്ന് പ്രസുകളിലായി അച്ചടിക്കുന്ന ഈ ലഘുലേഖകള്‍ക്ക് രണ്ടരക്കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

അഞ്ചു വര്‍ഷം കൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നാലു വര്‍ഷംകൊണ്ട് ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദമെന്നും അങ്ങിനെയെങ്കില്‍ ഇനിയുള്ള വര്‍ഷം സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു.

സര്‍ക്കാര്‍ ചെലവില്‍ അച്ചടിക്കുന്ന ലഘുലേഖകളുമായി സിപിഎം പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ഇറങ്ങി അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

Top