ചര്‍ച്ചകള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് ഒരിക്കലും ആഗ്രഹിക്കാത്ത നടപടിയിലെത്തിയത്‌

umman

തിരുവനന്തപുരം: തങ്ങളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നുവെന്ന കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തിന്റെ വാദം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി.

ജോസ്.കെ.മാണിയുമായി നിരവധി തവണ യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തി. കോട്ടയത്തെ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില്‍ യു.ഡി.എഫുമായി ധാരണയിലെത്തിയിരുന്നു. ഇത് ലംഘിക്കപ്പെട്ടു. യു.ഡി.എഫിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ യു.ഡി.എഫ് നേതൃത്വം ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജോസ്.കെ.മാണി വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനം അടഞ്ഞ അധ്യായമല്ല. ഇനിയും സമവായത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോസ് കെ. മാണിയുമായി കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ധാരണക്കനുസരിച്ച് നീങ്ങിയില്ലെങ്കില്‍ വളരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനത്തിലെത്തിയത്. കോട്ടയത്തെ ധാരണ നടപ്പാക്കിയാല്‍ ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Top