തിരഞ്ഞെടുപ്പ് പോരാട്ടത്തിന് മുൻപ് കോൺഗ്രസ്സിൽ ‘ആഭ്യന്തര കലഹം’

രണം കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാന മോഹികളാല്‍ സമ്പന്നമാണ് കോണ്‍ഗ്രസ്സ്. മുല്ലപ്പള്ളി മുതല്‍ എ.കെ ആന്റണി വരെ അവസരം കിട്ടിയാല്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവരാണ്. ഉമ്മന്‍ ചാണ്ടി – ചെന്നിത്തല പോര് കനത്താല്‍ ഒത്തു തീര്‍പ്പ് ‘മുഖ്യ’നാവുകയാണ് ഇവരുടെ ലക്ഷ്യം. ഇതേ താല്‍പ്പര്യം തന്നെയാണ് കെ.സി വേണുഗോപാലിനുമുള്ളത്. ഭരണം കിട്ടിയാല്‍ മുന്‍പ് ആന്റണി ‘പറന്നിറങ്ങിയ’ പോലെ ഒരു മാസ് എന്‍ട്രിയാണ് കെ.സിയും ആഗ്രഹിക്കുന്നത്.

ഈ നേതാക്കളുടെ എല്ലാം മുന്നിലുള്ള പ്രധാന ‘വില്ലന്‍’ പക്ഷേ ഉമ്മന്‍ ചാണ്ടി മാത്രമാണ്. യു.ഡി.എഫില്‍ ജനസമ്മതിയുള്ള ഏക നേതാവും ഉമ്മന്‍ ചാണ്ടിയാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പരാജയപ്പെടാന്‍ സാധ്യത കുറവായതിനാല്‍ മറ്റെവിടെയെങ്കിലും മത്സരിപ്പിച്ച് തോല്‍പ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായാണ് നേമം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ പല മണ്ഡലങ്ങളും ഓഫറായി ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിച്ച് തലസ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി മാറണമെന്നതാണ് നിര്‍ദ്ദേശം. മുല്ലപ്പള്ളിയുടെ പ്രതികരണം വന്ന ഉടനെ തന്നെ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ച് രംഗത്ത് വന്നത് ‘ഐ’ വിഭാഗം നേതാവായ ജോസഫ് വാഴക്കനാണ്. രമേശ് ചെന്നിത്തലയെ ഹരിപ്പാട് ‘എ’ വിഭാഗം കാലു വാരാതെയിരിക്കാന്‍ ഉമ്മന്‍ ചാണ്ടി മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കണമെന്നതാണ് ‘ഐ’ വിഭാഗത്തിന്റെ താല്‍പ്പര്യം. പുതുപ്പള്ളിയില്‍ ‘ഐ ‘വിഭാഗത്തിന് സ്വാധീനമില്ലാത്തതിനാല്‍ സമ്മര്‍ദ്ദ തന്ത്രം ഒരിക്കലും വിലപ്പോവുകയുമില്ല. ഇത് ചെന്നിത്തലയ്ക്കും ശരിക്കും ബോധ്യമുള്ള കാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ആവര്‍ത്തിച്ചാല്‍, രമേശ് ചെന്നിത്തല ഹരിപ്പാട് പരാജയപ്പെടുക തന്നെ ചെയ്യും. ഇതോടെ ‘ഐ’ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദവും അവസാനിക്കും.

ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്ത അവസ്ഥയും ഇതോടെ ‘ഐ’ ഗ്രൂപ്പിന് ഉണ്ടാകും. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഉമ്മന്‍ ചാണ്ടി തലസ്ഥാനത്ത് മത്സരിക്കണമെന്ന നിലപാട് ‘ഐ’വിഭാഗം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, ഈ ആവശ്യത്തെ ‘മുളയിലേ’ നുള്ളിക്കളഞ്ഞിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. അസാധാരണമായ ഒരു പത്രക്കുറിപ്പിലൂടെയാണ് തന്റെ വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. പുതുപ്പള്ളിയില്‍ തന്നെ മത്സരിച്ച് സംസ്ഥാന വ്യാപകമായി പ്രചരണത്തിന് നേതൃത്വം കൊടുക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഹരിപ്പാട് ശക്തമായ മത്സരത്തെ നേരിടേണ്ടി വരുന്നതിനാല്‍ ചെന്നിത്തല മണ്ഡലത്തില്‍ തളയ്ക്കപ്പെടാനാണ് സാധ്യത. ഇതും ‘എ’ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും മുന്നില്‍ കാണുന്നുണ്ട്.

എം.എല്‍.എമാരുടെ എണ്ണം ഗ്രൂപ്പിന് വര്‍ദ്ധിപ്പിക്കാന്‍ തന്ത്രപരമായ ഇടപെടലാണ് ഉമ്മന്‍ചാണ്ടി നിലവില്‍ നടത്തി വരുന്നത്. ‘ഐ’ ഗ്രൂപ്പിന് എം.എല്‍.എമാരുടെ എണ്ണം കൂടിയതിനാലാണ് കഴിഞ്ഞ തവണ ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനം വിട്ടു കൊടുക്കേണ്ടി വന്നിരുന്നത്. ഇനി, ഈ ചരിത്രം ആവര്‍ത്തിക്കരുത് എന്നതാണ് ‘എ’ ഗ്രൂപ്പിന്റെ താല്‍പ്പര്യം. പ്രചരണ ചുമതലയില്‍ നിര്‍ണ്ണായക സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി വന്നത് ഉപയോഗിക്കാന്‍ തന്നെയാണ് ‘എ’ ഗ്രൂപ്പിന്റെ തീരുമാനം. ഗ്രൂപ്പിന് അതീതമായി സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുമ്പോഴും ഗ്രൂപ്പ് താല്‍പ്പര്യം ഉറപ്പ് വരുത്താനാണ് ഇപ്പോഴത്തെ ശ്രമം.

കെ.മുരളീധരന്‍, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള ‘ഐ’ വിഭാഗം നേതാക്കളും നിലവില്‍ ‘എ’ ഗ്രൂപ്പിനൊപ്പമാണ്. ഐ ഗ്രൂപ്പിലെ ഭിന്നതയും എ ഗ്രൂപ്പ് ശരിക്കും മുതലെടുക്കുന്നുണ്ട്. വി.ഡി. സതീശനെ പോലും ‘ഐ’ വിഭാഗം നേതാവായി കാണാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അത്രയ്ക്കും ശക്തമാണ് ‘എ’ ഗ്രൂപ്പിന്റെ ഇടപെടല്‍. മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും ഉമ്മന്‍ചാണ്ടിക്ക് തന്നെയാണുള്ളത്. ഇതും ചെന്നിത്തലയുടെ ചങ്കിടിപ്പിക്കുന്ന കാര്യമാണ്.

 

Top