തെരഞ്ഞെടുപ്പ് ഗോഥയിൽ താരമാകുക പിണറായി വിജയനും ഉമ്മൻ ചാണ്ടിയും. . .

ലോകസഭ തിരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം തന്നെ പ്രഖ്യാപിക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമാക്കുന്നു.

ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കണമെന്ന ആഗ്രഹമാണ് ഇടതു- വലതു മുന്നണികള്‍ക്കും ബി.ജെ.പിക്കുമുളളത്.ഈ പാര്‍ട്ടികളുടെ അണികള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. എന്നാല്‍ അത് എത്രമാത്രം ഫലപ്രദമാകും എന്നത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ മാത്രമേ വ്യക്തമാകുകയൊള്ളൂ.

പ്രകടനപത്രിക, പ്രചരണം നയിക്കേണ്ട നായകര്‍ എന്നിവരുടെ കാര്യത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി തീരുമാനം എടുക്കേണ്ടതുണ്ട്. ദേശീയ നേതാക്കള്‍ എല്ലാ സംസ്ഥാനങ്ങളിലും പറന്ന് എത്തുമെങ്കിലും സംസ്ഥാന നേതാക്കള്‍ക്കാണ് പ്രചരണ യോഗങ്ങളില്‍ ഏറെ ഡിമാന്റുയരുക.

സി.പി.എമ്മിനു വേണ്ടി കേരളത്തില്‍ അവരുടെ ക്രൗഡ് പുള്ളറായ വി.എസ് ഇത്തവണ എത്രമാത്രം സജീവമാകും എന്ന കാര്യത്തില്‍ അണികള്‍ക്ക് തന്നെ ആശങ്കയുണ്ട്.

ആരോഗ്യപരമായ കാരണത്താല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ രൂപത്തില്‍ ഉപയോഗിക്കാന്‍ ഇത്തവണ സി.പി.എമ്മിനു കഴിയില്ല. മാത്രമല്ല, ഏറ്റവും ഒടുവില്‍ ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ വി.എസ് എടുത്ത നിലപാടും സര്‍ക്കാറിന് എതിരാണ്. ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നാണ് വി.എസ് വിഷയത്തില്‍ പ്രതികരിച്ചത്. ഖനനത്തിന് അനുകൂലമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അടക്കമുള്ളവര്‍ ശക്തമായി രംഗത്ത് വന്ന ഉടനെ ആയിരുന്നു വി.എസിന്റെ ഈ മാസ് മറുപടി.

രാജ്യത്തെ തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റായ വി.എസ്.അച്യുതാനന്ദന്റെ നിലപാടുകള്‍ പരിഗണിക്കാതെയാണ് നിലവില്‍ സി.പി.എമ്മും സര്‍ക്കാറും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. വനിതാ മതില്‍ വിഷയത്തില്‍ വി.എസിന്റെ നിലപാട് കേന്ദ്ര കമ്മറ്റി നേരത്തെ തന്നെ തള്ളിയിരുന്നു.

ജാതി സംഘടനകളെ കൂട്ട് പിടിച്ച് നടത്തുന്ന പരിപാടി നവോത്ഥാനമായി കാണാനാകില്ലെന്നതായിരുന്നു ഈ സി.പി.എം സ്ഥാപക നേതാവിന്റെ നിലപാട്. തന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും വനിതാമതിലുമായി ബന്ധപ്പെട്ട പരിപാടിയില്‍ വി.എസ് പിന്നീട് സഹകരിച്ചിരുന്നു.

കഴിഞ്ഞ ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ഏറ്റവും അധികം ജനങ്ങളെ ആകര്‍ഷിച്ച നേതാവും വി.എസ് അച്യുതാനന്ദനാണ്. തൊണ്ണൂറ്റി അഞ്ചാം വയസ്സിലും ഇത്തരത്തില്‍ കര്‍മനിരതനായ മറ്റൊരു രാഷ്ട്രീയ നേതാവും ഇന്ന് ലോകത്തില്‍ ജീവിച്ചിരിപ്പില്ല.

തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഇത്തവണ വി.എസിനു പകരം സി.പി.എമ്മിന്റെ ക്രൗഡ് പുള്ളറാകുക. വി.എസിന്റെ സാന്നിധ്യം ഏതാനും ചില വേദികളില്‍ മാത്രമായി ചുരുങ്ങും. അതു തന്നെ ആരോഗ്യം അനുവദിച്ചാല്‍ മാത്രം.

പിണറായി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും വര്‍ഗ്ഗീയ ശക്തികള്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്നതിലുള്ള അപകടവും ചൂണ്ടിക്കാട്ടിയാകും ഇടതുപക്ഷത്തിന്റെ പ്രധാന പ്രചരണം. ന്യൂനപക്ഷ വോട്ടുകള്‍ പ്രത്യേകം സമാഹരിക്കുക, ഈഴവ പിന്നോക്ക വോട്ടുകള്‍ നഷ്ടപ്പെടാതെ നോക്കുക എന്നതാണ് തന്ത്രം. സംസ്ഥാന നേതാക്കള്‍ക്കു പുറമെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഓരോ ലോകസഭ മണ്ഡലത്തിന്റെയും പ്രത്യേക ചുമതല സി.പി.എം നല്‍കിയിട്ടുണ്ട്.

യു.ഡി.എഫിന് ഇത്തവണയും പ്രധാന നായകന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ആയിരിക്കും എ.കെ ആന്റണിക്ക് ഇപ്പോള്‍ കോണ്‍ഗ്രസ്സ് അണികളില്‍ പോലും സ്വീകാര്യത ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ആന്ധ്രയുടെ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ഉമ്മന്‍ ചാണ്ടിയുടെ കേരളത്തിലെ ചുമതലയെ ബാധിക്കില്ലന്ന നിലപാടിലാണ് ഹൈക്കമാന്റ്. വി.എം സുധീരനാണ് യു.ഡി.എഫിന്റെ മറ്റൊരു ക്രൗഡ് പുളളര്‍. മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നതോടെ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പകിട്ട് മങ്ങിയത് യു.ഡി.എഫിന് പ്രചരണ യോഗങ്ങളില്‍ തിരിച്ചടിയാണ്. കെ.എം മാണിയുടെ സ്വാധീനം മധ്യമേഖലയിലെ ഒന്നുരണ്ട് മണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങും.

ബി.ജെ.പിക്കാണ് സംസ്ഥാനത്ത് ഒരു ക്രൗഡ് പുള്ളര്‍ ഇല്ലാത്തത്. ആര്‍.എസ്.എസ് സംഘടനാ സംവിധാനത്തിലാണ് അവരുടെ പ്രതീക്ഷ മുഴുവന്‍. പിന്നെ ദേശീയ നേതാക്കളെ കൊണ്ടുവന്നു വേണം ഓളം ഉണ്ടാക്കുവാന്‍.

പരമാവധി സീറ്റുകള്‍ നേടി ഒന്നാമതെത്താന്‍ ഇടതു – വലതു മുന്നണികള്‍ ശ്രമിക്കുമ്പോള്‍ ഒന്നോ രണ്ടോ സീറ്റില്‍ വിജയിച്ച് ചരിത്രം രചിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒരു സീറ്റ് തങ്ങള്‍ നേടിയാല്‍ 20 സീറ്റിലും വിജയിച്ചതിനു തുല്യമാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. തിരുവനന്തപുരത്താണ് അവരുടെ സകല പ്രതീക്ഷയും. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മാവേലിക്കര ,ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, മഞ്ചേരി ,വയനാട്, കോഴിക്കോട് വടകര എന്നീ 12 മണ്ഡലങ്ങളാണ് യു.ഡി.എഫ് കൈവശമുള്ളത്.

കാസര്‍ഗോഡ്, കണ്ണൂര്‍, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ എന്നീ 8 മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന്റെ കൈവശവുമുണ്ട്. ഈ സിറ്റിങ് സീറ്റുകളില്‍ ഉറച്ച കോട്ടകള്‍ പോലും ഇത്തവണ നിലനിര്‍ത്താന്‍ പറ്റുമോ എന്ന ഉറപ്പില്ലാതെയാണ് ഇരു മുന്നണികളും തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ശബരിമലയിലെ യുവതീ പ്രവേശന എഫക്ട് ഏത് രൂപത്തില്‍ പ്രതിഫലിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിലെ ജയ- പരാജയങ്ങള്‍.

political reporter

Top