ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ മനംമാറി ജഗൻ, ഞെട്ടിയത് ബി.ജെ.പി . . .

വിശാഖപട്ടണം: ആന്ധ്രയുടെ ചുമതല രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത് വെറുതെയായില്ല, ഒടുവില്‍ സാക്ഷാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി തന്നെ വഴങ്ങി.

കോണ്‍ഗ്രസ്സുമായുള്ള കുടിപ്പക അവസാനിപ്പിക്കുന്നതായി ജഗന്‍ തുറന്ന് പറഞ്ഞതോടെ ഞെട്ടിയത് ബി.ജെ.പിയാണ്. കേന്ദ്രത്തില്‍ ഇനി യു.പി.എയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ജഗന്‍ പിന്തുണ നല്‍കാനുള്ള സാധ്യതയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മുന്‍ ആന്ധ്ര മുഖ്യമന്ത്രിയായ രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ മോഹന്‍ റെഡ്ഡി പിതാവ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് പാര്‍ട്ടി നേതാക്കളുമായി ഇടഞ്ഞത്.

ജഗന്‍ മോഹന്‍ റെഡ്ഡിയെ ഒതുക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുകയും ദ്രോഹിക്കുകയും ചെയ്തതോടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ച് ജഗന്‍ മറുപടി നല്‍കുകയായിരുന്നു. ഇന്ന് ആന്ധ്രയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്. നിയമസഭയിലെ പ്രതിപക്ഷ നേതാവും ജഗന്‍ മോഹനാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റില്‍ ബഹുഭൂരിപക്ഷവും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് തൂത്തുവാരുമെന്നാണ് സര്‍വ്വേ ഫലം.

വൈ.എസ് രാജശേഖര റെഡ്ഡിയുടെ അടുത്ത സുഹൃത്ത് കൂടിയായ ഉമ്മന്‍ ചാണ്ടി ജഗനോട് സഹകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം യു.പി.എ മുന്നണിയുടെ ഭാഗമാകണമെന്നതായിരുന്നു ആവശ്യം. ഈ ആവശ്യത്തിന്‍ മേലുള്ള അനുകൂല പ്രതികരണം കൂടിയാണ് ജഗന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ്സില്‍ ലയിപ്പിച്ച് ജഗന്‍മോഹനെ തലപ്പത്തു കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിരിക്കുന്നത്.

‘ആരോടും ഒരു പരാതിയോ പ്രതികാരത്തിനോ ഇല്ലെന്നും കോണ്‍ഗ്രസിനോട് താന്‍ ക്ഷമിച്ചെന്നും’ ജഗന്‍മോഹന്‍ റെഡ്ഢി വ്യക്തമാക്കി. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുകയും ദിനംപ്രതി ബൈബിള്‍ വായിക്കുകയും ചെയ്യുന്നയാളാണെന്നും ജഗന്‍ മോഹന്‍ റെഡ്ഢി പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജഗന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

congress

തന്റെ സംസ്ഥാനത്തിനാണ് ഞാന്‍ മുന്‍ഗണ നല്‍കുന്നത്. ആന്ധ്രക്ക് പ്രത്യക പദവി ലഭ്യമാക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനിടെ ബിജെപിയേയും സംസ്ഥാനം ഭരിക്കുന്ന ടിഡിപിയേയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്ന് മോദിയും ബിജെപിയും പിന്‍മാറി. ടിഡിപിയും ബിജെപിയും ചേര്‍ന്ന് ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. മോദിയും ചന്ദ്രബാബു നായിഡുവും കള്ളം പറഞ്ഞ് അധികാരത്തില്‍ കയറിയവരാണെന്നും അദ്ദേഹം ആരോപിച്ചു.

Top