ഹൈബിയുടെ വിജയത്തിലൂടെ സോളാറിൽ മറുപടി നൽകാൻ ഉമ്മൻ ചാണ്ടി !

കാര്യം എന്തായാലും ഒരു കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ സമ്മതിച്ച് കൊടുക്കണം. അത് റിസ്‌ക്ക് എടുക്കാന്‍ തയ്യാറാകുന്ന കാര്യത്തിലാണ്.

സോളാര്‍ വിവാദ നായികയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ പ്രതിയാക്കപ്പെട്ട ഹൈബി ഈഡനെയാണ് കോണ്‍ഗ്രസ്സ് എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അതും ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി ചൂടാറും മുന്‍പ് തന്നെ.

ഈ തിരഞ്ഞെടുപ്പില്‍ ഹൈബി വിജയിച്ചാല്‍ അത് ക്ലീന്‍ ചിറ്റായി വിലയിരുത്തപ്പെടും. ഒരു വട്ടം കൂടി കേരള മുഖ്യമന്ത്രിയായി സി.പി.എമ്മിനോട് കണക്ക് തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും എറണാകുളത്തെ ഈ വിജയം അനിവാര്യമാണ്.

സോളാര്‍ നായിക ദക്ഷിണമേഖല എ.ഡി.ജി.പി എസ്. അനില്‍കാന്തിന് സമര്‍പ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയ്ക്കും കെ.സി വേണുഗോപാലിനുമെതിരെ ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, കാര്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും പ്രതിയായിത്തന്നെ ഇരുവരും ഇപ്പോഴും തുടരുകയാണ്. ഇതിന് പിന്നാലെയാണിപ്പോള്‍ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കൂടി ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്.

ഹൈബി ഈഡന്‍ ഐ ഗ്രൂപ്പുകാരനാണെങ്കിലും എറണാകുളത്ത് മത്സരിക്കട്ടെ എന്ന നിലപാട് ശക്തമായി സ്വീകരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കു പുറമെ പ്രതിചേര്‍ക്കപ്പെട്ട കെ.സി വേണുഗോപാലും ഹൈബിയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഹൈബിയുടെ വിജയം ഈ രണ്ട് നേതാക്കള്‍ക്കുമെതിരായ പാപക്കറ കഴുകി കളയുമെന്ന പ്രതീക്ഷയിലാണ് അനുയായികള്‍.

hibi eden

വമ്പന്‍ ഭൂരിപക്ഷത്തിന് ഹൈബിയെ വിജയിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടി അനുയായികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഹൈബിക്ക് ലഭിക്കുന്ന ഓരോ വോട്ടും പിണറായി സര്‍ക്കാറിന്റെ കള്ളക്കേസിനുള്ള മറുപടി ആകണമെന്നതാണ് നിര്‍ദ്ദേശം.

സോളാര്‍ വിവാദത്തില്‍ വലിച്ചിഴക്കപ്പെട്ടതില്‍ മനം നൊന്താണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കാതിരുന്നത്. അഗ്‌നി ശുദ്ധി വരുത്തി തിരിച്ചുവരാനാണ് അദ്ദേഹം കാത്തിരിക്കുന്നത്.

സോളാര്‍ കേസ്, മത്സരിക്കാന്‍ അയോഗ്യത അല്ലെന്ന നിലപാട് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് സ്വീകരിച്ചതും ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് ആശ്വാസകരമാണ്. കെട്ടിചമച്ച കേസാണ് ഇതെന്ന നിലപാടില്‍ തന്നെയാണ് ഹൈക്കമാന്റ്. സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാതിരുന്ന ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയതും പിന്നീട് പ്രവര്‍ത്തക സമിതി അംഗമാക്കിയതും കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ ചാണ്ടിയുടെ കരുത്ത് പ്രകടമാക്കുന്നതാണ്. കേരളമാണ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകമെന്ന് രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളി രാമചന്ദ്രനും പോലും പറയേണ്ടിയും വന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ നിന്നും മത്സരിക്കണമെന്ന് ഏറെ ആഗ്രഹിച്ചവരാണ് ഈ നേതാക്കള്‍.

എം.പിയായി ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്കു പോയാല്‍ പിന്നെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ തടസ്സമാകുമെന്ന അനുയായികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്.

കേരളത്തില്‍ കോണ്‍ഗ്രസ്സിന് വീണ്ടും അധികാരം പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്നതാണ് ബഹുഭൂരിപക്ഷം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. അടുത്തയിടെ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയിലും ജനസമ്മിതിയില്‍ ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നു മുന്നില്‍.

oomman chandy

ഇനി ഒരു ഊഴം, അത് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചാല്‍ പകയുടെയും കണക്കുകള്‍ തീര്‍ക്കുന്നതിന്റെയും ഭരണമായി അത് മാറാനാണ് സാധ്യത. തന്റെ പൊതു ജീവിതത്തില്‍ ഏറ്റ മുറിവ് ഉമ്മന്‍ ചാണ്ടി എന്ന നിഷ്‌കളങ്കനായ നേതാവിനെ ഒരു പാട് മാറ്റിയിരിക്കുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. സൗമ്യനായ ഉമ്മന്‍ ചാണ്ടിയുടെ മറ്റൊരു മുഖം വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തിയാല്‍ സി.പി.എം കാണേണ്ടി വരുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

എറണാകുളം ലോകസഭ മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് തികഞ്ഞ കോണ്‍ഗ്രസ്സ് മണ്ഡലമാണെങ്കിലും സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ളവര്‍ മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച ചരിത്രവും ഉണ്ട്. ഇത്തവണ സി.പി.എം രംഗത്തിറക്കിയ പി.രാജീവ് പൊതുസമ്മതനും പാര്‍ലമെന്റില്‍ ഇതിനകം തന്നെ കഴിവു തെളിയിച്ച വ്യക്തിയുമാണ്. അതു കൊണ്ട് തന്നെയാണ് ഈ സീറ്റില്‍ സി.പി.എമ്മും വലിയ പ്രതീക്ഷ പുലര്‍ത്തുന്നത്.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെയും കെ.സി വേണുഗോപാലിനെയും മുന്‍പ് തന്നെ പ്രതിയാക്കിയ ക്രൈം ബ്രാഞ്ച് ഹൈബി അടക്കമുള്ളവരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ് പ്രതിയാക്കിയിരുന്നത്. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്.

political reporter

Top