കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ ഉമ്മൻചാണ്ടി, ലക്ഷ്യം കണക്ക് തീർക്കൽ !

16 സീറ്റുകള്‍ മുതല്‍ 18 സീറ്റുകള്‍ വരെ നീളുന്നതാണ് കേരളത്തിലെ യു.ഡി.എഫ് വിജയ പ്രതീക്ഷ. 20/ 20 ആയാലും അത്ഭുതമില്ലെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്.

ഇപ്പോള്‍ വ്യാപകമായി സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ആരോപണം യു.ഡി.എഫ് അട്ടിമറി വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ വരെ ഉയര്‍ന്നു കഴിഞ്ഞു. യു.ഡി.എഫ് ഇവിടെ വിജയിച്ചാല്‍ മണ്ഡലത്തില്‍ റീ പോളിങ് ആവശ്യപ്പെടാനും നിയമ നടപടി സ്വീകരിക്കാനും സി.പി.എമ്മിനും ഇതോടെ കഴിയും. ‘ചക്കിന് വച്ചത് കൊക്കിന് കൊണ്ട’ അവസ്ഥയിലാകും അപ്പോള്‍ കാര്യങ്ങള്‍. ഓപ്പണ്‍ വോട്ടിനെ കളളവോട്ടായി യു.ഡി.എഫ് ചിത്രീകരിക്കുന്നത് തന്നെ പരാജയ ഭീതിയിലാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

അതേസമയം, യു.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടിയാല്‍ കേരളത്തില്‍ തന്നെ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ ചാണ്ടി ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും കേരളത്തിലെ യഥാര്‍ത്ഥ ക്രൗഡ് പുളളര്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു.

udf

പ്രവര്‍ത്തകര്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള സ്വാധീനം വയനാട്ടില്‍ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിക്ക് തന്നെ നേരിട്ട് ബോധ്യപ്പെടുകയുമുണ്ടായി. തുറന്ന വാഹനത്തില്‍ ചെന്നിത്തലയുടെ പിന്നിലായി പോയ ഉമ്മന്‍ ചാണ്ടിയെ രാഹുല്‍ ഗാന്ധി ഇടപെട്ട് മുന്നോട്ട് കൊണ്ട് വന്നത് ഒരു സന്ദേശമായാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കാണുന്നത്. അടുത്ത മുഖ്യമന്ത്രി കുപ്പായം തുന്നി ഇരിക്കുന്ന രമേശ് ചെന്നിത്തലയെ സംബന്ധിച്ച് ഈ ദൃശ്യം പോലും ദഹിക്കുന്നതല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണ് ചെന്നിത്തലയെന്ന കാര്യത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ക്ക് മാത്രമല്ല, ഘടകകക്ഷി നേതാക്കളും ഏക അഭിപ്രായക്കാരാണ്.

ഒരവസരത്തിനു വേണ്ടിയാണ് അവരും കാത്തു നില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടിയോടാണ് മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസ്സിനും ഏറെ താല്‍പ്പര്യം. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നതാണ് ഈ പാര്‍ട്ടികളുടെ ആഗ്രഹം. ഈ നിലപാട് സജീവമാക്കി നിര്‍ത്തുന്നതിനുള്ള രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളാണ് എ ഗ്രൂപ്പ് ഇപ്പോള്‍ പയറ്റുന്നത്.

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് യു.ഡി.എഫിന്റെ മുന്നേറ്റത്തിനു കാരണമെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയെ തഴയാനാണ് ഉമ്മന്‍ ചാണ്ടി അനുയായികളുടെ ശ്രമം. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ജനവികാരം ഇടതുപക്ഷത്തിന് എതിരാകാന്‍ കാരണമായെന്ന വാദത്തിന്റെ മുന ഒടിക്കുന്നതിനാണിത്. ആരോട് ക്ഷമിച്ചാലും തങ്ങള്‍ ചെന്നിത്തലയോട് ക്ഷമിക്കില്ലെന്നാണ് എ വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതികരിക്കുന്നത്. അതിന് അവര്‍ക്ക് വ്യക്തമായ കാരണവും ഉണ്ട്.

oomman chandy

സോളാര്‍ ‘താരം’ സരിത ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്നു രമേശ് ചെന്നിത്തല. പൊലീസ് മന്ത്രിയുടെ ‘മൗനാനുവാദവും’ ഉമ്മന്‍ ചാണ്ടിക്കെതിരായ നീക്കത്തിന് ഉണ്ടായിരുന്നതായി അക്കാലത്ത് തന്നെ ആരോപണമുയര്‍ന്നിരുന്നു. പൊലീസ് മന്ത്രി എന്ന നിലയില്‍ ശക്തമായ നിലപാട് ചെന്നിത്തല സ്വീകരിച്ചില്ലെന്ന പരാതിയും എ വിഭാഗം നേതാക്കള്‍ക്കുണ്ട്.

ഐ ഗ്രൂപ്പിലെ മറ്റു നേതാക്കള്‍ക്കെതിരായി കൂടി സരിത ആരോപണം ഉന്നയിച്ചതോടെയാണ് ഇക്കാര്യത്തില്‍ ചിലരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിയതെന്നും പറയപ്പെടുന്നു. കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് പോലും ഗൗരവമായി സരിതയുടെ ആരോപണത്തെ എടുത്തിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും പ്രവര്‍ത്തക സമിതി അംഗത്വം തന്നെ ഇതിനു ഉദാഹരണങ്ങളാണ്.

മാത്രമല്ല, ബലാത്സംഗക്കേസില്‍ പ്രതികളായതോടെ ഐ ഗ്രൂപ്പ് നേതാക്കളായ എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ രമേശ് ചെന്നിത്തലയില്‍ നിന്നും ഇതാടെ അകലുകയും ചെയ്തു.

സോളാര്‍ കേസും സരിതയുടെ ആരോപണവും സ്ത്രീ പീഡന കേസില്‍ പ്രതിയായതുമെല്ലാം ഉമ്മന്‍ ചാണ്ടിയെ ഇപ്പോള്‍ പരുക്കനാക്കിയിട്ടുണ്ട്. പുറമെ കാണിക്കുന്നില്ലെങ്കിലും വല്ലാത്തൊരു പക അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ തന്നെ പറയുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഉപേക്ഷിച്ച് ഒതുങ്ങിക്കൂടിയ ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതല നല്‍കിയാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തി കൊണ്ടുവന്നിരുന്നത്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയോളം സ്വാധീനമുള്ള മറ്റൊരു കോണ്‍ഗ്രസ്സ് നേതാവില്ലെന്ന തിരിച്ചറിവിലായിരുന്നു ഈ നടപടി.

രാഹുലിന്റെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നിച്ചതിലൂടെ ഹൈക്കമാന്റിന് വേണ്ടപ്പെട്ടവനായി ഇതിനകം തന്നെ ഉമ്മന്‍ ചാണ്ടി മാറി കഴിഞ്ഞിരിക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ആഗ്രഹിക്കുന്ന കെ.സി വേണുഗോപാല്‍, കെ.മുരളീധരന്‍ എന്നീ നേതാക്കള്‍ ഐ ഗ്രൂപ്പിലുണ്ടാക്കിയ കുറു മുന്നണിയും ചെന്നിത്തലയെ സംബന്ധിച്ച് പുതിയ വെല്ലുവിളിയാണ്. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് കടിച്ച് തൂങ്ങിയിരിക്കാന്‍ ഇഷ്ടപ്പെടാത്ത മുല്ലപ്പള്ളിയാകട്ടെ ഡല്‍ഹിക്ക് മടങ്ങാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

പി.സി വിഷ്ണുനാഥിനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. വിഷ്ണുനാഥ് നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയാണ്.

ഇനി ഒരിക്കല്‍ കൂടി ഉമ്മന്‍ ചാണ്ടി കേരള മുഖ്യമന്ത്രിയായാല്‍ ആഭ്യന്തരം ഒരിക്കലും എ ഗ്രൂപ്പ് വിട്ടുകൊടുക്കില്ലെന്ന കാര്യവും ഏകദേശം ഉറപ്പാണ്. കഴിഞ്ഞ തവണ ആഭ്യന്തരവും റവന്യൂ വകുപ്പും ഐ ഗ്രൂപ്പിന് നല്‍കിയത് വലിയ മണ്ടത്തരമായി പോയി എന്ന തിരിച്ചറിവിലാണ് ഈ നിലപാട്.

പൊലീസ് ഭരണം കൈവിട്ടുള്ള ഒരു കളിക്കും ഇല്ലെന്ന് പറയുമ്പോള്‍ തന്നെ കണക്ക് തീര്‍ക്കാന്‍ ചിലതുണ്ടെന്ന സൂചനയും ഉമ്മന്‍ ചാണ്ടി അനുകൂല നേതാക്കള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്.

അത് പാളയത്തിലെ പാരയ്ക്ക് മാത്രമല്ല, രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കേണ്ട രൂപത്തിലേക്ക് സരിതയുടെ പരാതിയില്‍ നടപടി സ്വീകരിച്ച പിണറായി സര്‍ക്കാറിനോടുള്ള പക വീട്ടല്‍ കൂടിയായി മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസ് ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ പ്രതിസ്ഥാനത്ത് വന്ന കേസുകളില്‍ ശക്തമായ നടപടി സ്വീകരിച്ചതാണ് സി.പി.എം പകക്ക് പിന്നിലെന്നാണ് ഉമ്മന്‍ ചാണ്ടി വിഭാഗം കരുതുന്നത്.

cpm

മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പകയുടെ രാഷ്ട്രീയം സി.പി.എം പയറ്റിയതിനാല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തിരിച്ചും ചെയ്യുമെന്നതാണ് അവരുടെ നിലപാട്.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ ഇറക്കിയത് പോലും ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയാണെന്നും, ഇടതുപക്ഷത്തെ വാഷ് ഔട്ട് ആക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നുമാണ് എ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

തന്ത്രശാലിയും ജനകീയനും മാത്രമായി കണ്ട ഉമ്മന്‍ ചാണ്ടിയില്‍ പാര്‍ട്ടിയിലെയും പുറത്തെയും എതിരാളികള്‍ മറ്റൊരു ചാണ്ടിയെ കാണാനിരിക്കുന്നതേയൊള്ളു എന്ന മുന്നറിയിപ്പില്‍ തന്നെ എല്ലാം വ്യക്തമാണ്. രണ്ടും കല്‍പ്പിച്ച് തന്നെയാണ് ഉമ്മന്‍ ചാണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് വിധി വന്നു കഴിഞ്ഞാല്‍ ഉടന്‍ പോരാട്ട രംഗത്തിറങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Top