അടുത്ത മുഖ്യമന്ത്രി കസേരയും ഉറപ്പിച്ച് തന്ത്രപരമായ നീക്കത്തിൽ ഉമ്മൻ ചാണ്ടി

കേരളത്തില്‍ പിണറായിക്ക് ശേഷം മുഖ്യമന്ത്രി കുപ്പായം തുന്നിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ പരിഭ്രാന്തിയില്‍.

സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്നും വീണ്ടുമൊരു മത്സരത്തിന് അദ്ദേഹം കളത്തിലിറങ്ങില്ലെന്നും ധരിച്ചവര്‍ക്കാണ് തെറ്റിയത്. പിണറായി സര്‍ക്കാരിട്ട സോളാര്‍ കുരുക്ക് അനുകൂല സഹതാപമാക്കി കോണ്‍ഗ്രസ്സ് അണികള്‍ക്കിടയില്‍ ശക്തമായ സ്വാധീനമാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.

6 പതിറ്റാണ്ടുകള്‍ നീണ്ട കുഞ്ഞൂഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ചെളിവാരി എറിയാന്‍ അണിയറയില്‍ പ്രേരകശക്തികളായ ഐ ഗ്രൂപ്പ് നേതൃത്വമാണ് ഇപ്പോള്‍ അങ്കലാപ്പില്‍ ആയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്ന ഐ ഗ്രൂപ്പ് തന്നെ ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കിലാണ്. ചെന്നിത്തലയേക്കാള്‍ ഈ വിഭാഗത്തിലെ നല്ലൊരു വിഭാഗത്തിനും താല്‍പ്പര്യം കോണ്‍ഗ്രസ്സ് സംഘടനാ ചുമതലയുള്ള സെക്രട്ടറിയായി രാഹുല്‍ ഗാന്ധി നിയമിച്ച കെ.സി വേണുഗോപാലിനോടാണ്.

സോളാര്‍ നായിക സരിതയുടെ പീഢന പരാതിയെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കാന്‍ കഴിയാത്തതില്‍ ആഹ്ലാദിച്ചവരും ഇപ്പോള്‍ കടുത്ത നിരാശയിലാണ്.

ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നല്‍കിയത് സരിതയുടെ പരാതി സംബന്ധമായി ചില സംശയങ്ങള്‍ ഹൈക്കമാന്റിനു ഉള്ളത് കൊണ്ടാണ് എന്നായിരുന്നു ഈ വിഭാഗം പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍, കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനത്തില്‍ രണ്ടാമനായി രാഹുല്‍ ഗാന്ധിക്ക് തൊട്ടു താഴെ വേണുഗോപാലിനെ പ്രതിഷ്ടിച്ചതോടെ ഇനി ആ പരിപ്പ് വേവില്ലെന്ന് ഉമ്മന്‍ ചാണ്ടി വിരുദ്ധര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കാരണം, തന്നെ ബലാത്സംഗം ചെയ്തു എന്ന് സരിത ശക്തമായി ആരോപിച്ച നേതാവാണ് ആലപ്പുഴ എം.പി കൂടിയായ കെ.സി.വേണുഗോപാല്‍. സരിതയുടെ ആരോപണം കെട്ടിച്ചമച്ച കള്ളക്കഥയാണെന്ന് സാക്ഷാല്‍ രാഹുല്‍ ഗാന്ധി പോലും ഇപ്പോള്‍ ഉറച്ച് വിശ്വസിക്കുന്നു എന്നതിന് ഇതില്‍പരം മറ്റൊരു തെളിവില്ല.

കേരളത്തില്‍ നിന്നും ആന്റണിക്ക് പുറമെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയിലുള്ളത് ഉമ്മന്‍ ചാണ്ടിയും വേണുഗോപാലുമാണ്.

ഡല്‍ഹിയല്ല കേരള മുഖ്യമന്ത്രി സ്ഥാനം തന്നെയാണ് വേണുഗോപാലിന്റെ ആത്യന്തികമായ ലക്ഷ്യം. യു.പി.എ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ കാബിനറ്റ് റാങ്കോടെ കേന്ദ്ര മന്ത്രിയാകും എന്നത് പോലും വലിയ കാര്യമായി വേണുഗോപാല്‍ കാണുന്നില്ല. കഴിഞ്ഞ യു.പി.എ ഭരണകാലത്തും കേന്ദ്ര സഹമന്ത്രി ആയിരുന്നു അദ്ദേഹം.

കേരളത്തില്‍ സ്വന്തമായി അണികളും കാര്യമായ ജനസ്വാധീനം ഇല്ലെന്നതുമാണ് വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള പ്രധാന തടസ്സം.

ഇത് മുന്നില്‍ കണ്ട് ഐ ഗ്രൂപ്പ് പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ഇതിനകം തന്നെ പാര്‍ട്ടിയിലെ പുതിയ പദവി ഉപയോഗപ്പെടുത്തി വേണുഗോപാല്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

സരിതയുടെ ആരോപണത്തില്‍ മാനസികമായി തളര്‍ന്നിരുന്ന ഉമ്മന്‍ ചാണ്ടിയാകട്ടെ പുതിയ സാഹചര്യത്തില്‍ ശക്തമായ ഇടപെടലാണ് കേരളത്തില്‍ നടത്തി വരുന്നത്. എ.ഐ.സി.സി ചുമതല നല്‍കിയ ആന്ധ്രയില്‍ മാത്രം കേന്ദ്രീകരിക്കാതെ കേരളത്തിലും അദ്ദേഹം സജീവമാണ്.

കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും വേണുഗോപാലും മുരളീധരനും സുധാകരനുമെല്ലാം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി കസേരയില്‍ വീണ്ടും ഒരവസരം. . . രാഷ്ട്രീയമായി തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഇടതുപക്ഷത്തോട് മധുരമായ ഒരു പ്രതികാരം. . . അതാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം.

പാര്‍ട്ടിയിലെ മറ്റു മുഖ്യമന്ത്രി സ്ഥാന മോഹികള്‍ക്കൊന്നും ഇല്ലാത്ത ഒരു കരുത്ത് ഉമ്മന്‍ ചാണ്ടിക്കുണ്ട്. അത് ഘടകകക്ഷികള്‍ നല്‍കുന്ന പിന്തുണയാണ്.

മുസ്ലീംലീഗും കേരള കോണ്‍ഗ്രസ്സും ശക്തമായി ഇപ്പോഴും പിന്തുണയ്ക്കുന്നത് ഉമ്മന്‍ ചാണ്ടിയെയാണ്. യു ഡി.എഫിലേക്ക് മാണിയുടെ തിരിച്ചു വരവിന് കളമൊരുക്കിയത് തന്നെ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ആണ്. യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് ഘടകകക്ഷികളുടെ നിലപാട് നിര്‍ണ്ണായകമാകും.

പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന രമേശ് ചെന്നിത്തലയുടെ അടക്കം ചങ്കിടിപ്പ് കൂട്ടുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.

ഇനി ഒരവസരം മുഖ്യമന്ത്രിയാവാന്‍ ഉമ്മന്‍ ചാണ്ടിക്കു ലഭിച്ചാല്‍ അദ്ദേഹം എല്ലാ ‘കണക്കുകളും’ പലിശ സഹിതം തീര്‍ക്കുമെന്ന ഭയം ഇടതുപക്ഷത്തിനുമുണ്ട്.

അഭിപ്രായ സര്‍വേകളില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റം നടത്തുമെന്ന റിപ്പോര്‍ട്ടുകളിലും വലിയ ആശങ്ക ഭരണപക്ഷത്തുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറ്റം നടത്തിയാല്‍ അത് പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ശക്തി പകരുമെന്നാണ് ഇടതു നേതൃത്വം കരുതുന്നത്.

അതേസമയം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസ്സിലെ സകല മുഖ്യമന്ത്രി കസേര മോഹികളും പുതിയ നീക്കത്തിലാണിപ്പോള്‍. എങ്ങനെയെങ്കിലും ലോകസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തി മത്സരിപ്പിച്ച് ഡല്‍ഹിക്ക് വിടാനാണ് ഇവരുടെ നീക്കം. അതിനുള്ള ചരടുവലികളാണ് അണിയറയില്‍ തകൃതിയായി ഇപ്പോള്‍ നടക്കുന്നത്. ഈ ‘വെല്ലുവിളി’യെ ഉമ്മന്‍ ചാണ്ടി എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്റെ കേരളത്തിലെ സാധ്യതകള്‍.

ഒരു മുന്നണിയും തുടര്‍ച്ചയായി ഭരണം നടത്തിയ ചരിത്രം കേരളത്തില്‍ ഇല്ലാത്തതിനാല്‍ അടുത്ത ഊഴം യു.ഡി.എഫിനു തന്നെ ലഭിക്കാനാണ് സാധ്യതയെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം.

political reporter

Top