തെലുങ്കാനയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായുള്ള സഖ്യം പരാജയമായതിന്റെ പാഠമുള്‍ക്കൊണ്ട് ആന്ധ്രയില്‍ തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് സുപ്രധാനമായ ഈ തീരുമാനം പ്രഖ്യാപിച്ചത്.
മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് രാജശേഖരറെഡ്ഡിയുടെ മകനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍മോഹന്‍ റെഡ്ഡിയെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാനുമുള്ള നീക്കങ്ങളും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ജഗന്‍മോഹന്‍റെ കോണ്‍ഗ്രസിലേക്കുള്ള മടക്കത്തിന് തടസമായി നിന്നത് ചന്ദ്രബാബുനായിഡുവുമായുള്ള കോണ്‍ഗ്രസ് ബന്ധമായിരുന്നു. ഈ സഖ്യത്തിന് അന്ത്യം കുറിച്ചതോടെ ജഗ്‌മോഹന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് വഴിതുറന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം വൈ.എസ്.ആറിന്റെ കുടുംബവുമായി ആത്മബന്ധമുള്ള ഉമ്മന്‍ചാണ്ടിയാണ് ചര്‍ച്ചകള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത്.
കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ ആന്ധ്രയിലും തെലുങ്കാനയിലും കോണ്‍ഗ്രസ് നാമാവശേഷമാവുകയായിരുന്നു. ആന്ധ്രയില്‍ പ്രതിപക്ഷ നേതൃസ്ഥാനം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്‌മോഹന്‍ റെഡിക്കാണ്.
തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചതും കോണ്‍ഗ്രസിന് നഷ്ടക്കച്ചവടമായിരുന്നു. കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച് 21 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ 19 സീറ്റേ ലഭിച്ചുള്ളൂ. 15 സീറ്റ് നേടിയ ടി.ഡി.പിക്ക് സഖ്യമായിട്ടും രണ്ടു സീറ്റിലേക്ക് കൂപ്പുകുത്തേണ്ടി വന്നു.
25 പേരെ ലോക്‌സഭയിലേക്കയക്കുന്ന ആന്ധ്രപ്രദേശ് കേന്ദ്രഭരണം പിടിക്കാനുള്ള കോണ്‍ഗ്രസ് പോരാട്ടത്തില്‍ നിര്‍ണായകമാണ്. നിലവില്‍ കോണ്‍ഗ്രസിന് ഒറ്റ എം.പിമാര്‍പോലും ആന്ധ്രയില്‍ നിന്നില്ല. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് എട്ട് എം.പിമാരാണുണ്ടായിരുന്നത്.
ഇവരില്‍ 5 പേര്‍ രാജിവെച്ചിട്ടുണ്ട്. ടി.ഡി.പിക്ക് 15 എം.പിമാരും ബി.ജെ.പിക്ക് രണ്ട് എം.പിമാരുമുണ്ട്. ജഗ്‌മോഹന്‍ റെഡി കോണ്‍ഗ്രസില്‍ എത്തുന്നതോടെ ആന്ധ്രയില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ ലഭിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യും.
Political reporter