കെ മുരളീധരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കും. മത്സരത്തിന് തയ്യാറെടുക്കാന്‍ ഉമ്മന്‍ചാണ്ടിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഉമ്മന്‍ ചാണ്ടി കെ മുരളീധരന്‍ കൂട്ടുകെട്ടിന്റെ ‘ബ്ലൂപ്രിന്റിന്’ എ ഗ്രൂപ്പ് കോര്‍ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.
മുരളീധരനെ ചേര്‍ത്ത് പിടിച്ച് ആറു മാസത്തിനകം നടക്കാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജരാകാനാണ് എ ഗ്രൂപ്പ് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള എ ഗ്രൂപ്പ് നിലപാട് കെ മുരളീധരനെ ഉമ്മന്‍ചാണ്ടി അറിയിച്ചത് കോഴിക്കോട്ട് വച്ചാണ്.
കഴിഞ്ഞയാഴ്ച മുരളീധരനെ വിളിച്ചുവരുത്തിയാണ് ഉമ്മന്‍ചാണ്ടി വിവരം കൈമാറിയിരുന്നത്. കുറേ നാളായി നിലനില്‍ക്കുന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ഔദ്യോഗിക രഹസ്യചര്‍ച്ചയായിരുന്നു അത്.
ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനും ചാനല്‍ പോരാളിയുമായ യുവ നേതാവിന്റ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരുന്നു.
മൂന്ന് തവണയായി രണ്ട് എ ഗ്രൂപ്പ് നേതാക്കളുടെ വസതിയിലായിരുന്നു ഇത്. ഉമ്മന്‍ചാണ്ടിയുടെ മനസ്സറിഞ്ഞ മുരളീധരന്‍ അന്തിമതീരുമാനം എടുത്തത് സഹോദരി പത്മജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഇതോടെ 2017 ല്‍ നടക്കുന്ന കെ പി സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പ് 1991 തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം ആകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 1991 ല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് എ വിഭാഗത്തിന്റെ നോമിനിയായ എ കെ ആന്റണിയും ഐ വിഭാഗവും കരുണാകരനും പിന്തുണച്ച വയലാര്‍ രവിയും തമ്മിലായിരുന്നു.
2017 ല്‍ വരാന്‍ പോകുന്നത് ആന്റണി നോമിനി സുധീരനും ഉമ്മന്‍ചാണ്ടി നോമിനിയായ മുരളീധരനും തമ്മിലുള്ള മത്സരമാണ്. ഉമ്മന്‍ചാണ്ടി അരയും തലയും മുറുക്കി തന്ത്രങ്ങള്‍ മെനഞ്ഞ 1991തെരഞ്ഞെടുപ്പില്‍ എ കെ ആന്റണിയെ കെ കരുണാകരന്‍ അരിഞ്ഞുവീഴ്ത്തിയത് ചരിത്രമാണ്.
അതേ എ കെ ആന്റണിയെ 2017 ല്‍ ഉമ്മന്‍ചാണ്ടി വെട്ടിവീഴ്ത്താന്‍ ഉപയോഗിക്കുന്നത് കെ കരുണാകരന്റെ മകന്‍ കെ മുരളീധരനെ ഉപയോഗിച്ചാണെന്നതാണ് വിരോധാപാസം. ഉമ്മന്‍ചാണ്ടി ഇവിടെ ഉന്നമിടുന്നത് ഒന്നിലധികം ‘ബിംബങ്ങളെ’യാണ്
തന്റെ വികാരം ഒട്ടും മാനിക്കാതെ മുന്നേറുന്ന എ കെ ആന്റണിക്കും, ഹെക്കമാന്റിനും വ്യക്തമായൊരു മറുപടി നല്‍കാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. വി എം സുധീരന് നല്‍കുന്ന പിന്‍തുണയിലാണ് അരിശം മുഴുവന്‍.
മുരളീധരനെ മത്സരിപ്പിക്കുന്നതിലൂടെ കരുണാകര സെന്റിമെന്‍സ് ഇളക്കി ഐ ഗ്രൂപ്പിലെ ഭിന്നിപ്പ്… പരമ്പരാഗത കരുണാകര ലോയലിസ്റ്റുകളുടെ പിന്തുണ.. ഒപ്പം കേഡര്‍ രൂപത്തിലുള്ള എ ഗ്രൂപ്പിന്റെ എണ്ണയിട്ട യന്ത്രം പോലുള്ള ഉശിരും കൂടിച്ചേരുമ്പോള്‍ കിങ്‌മേക്കര്‍ താന്‍ തന്നെയെന്ന് തെളിയിക്കാന്‍ കഴിയും എന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍.
ഇനിയറിയേണ്ടത് സുധീരവധം ആട്ടക്കഥയില്‍ രമേശ് ചെന്നിത്തല കൊട്ടിപ്പാടി കെട്ടിയാടുന്ന വേഷം ഏതെന്നാണ്….നായരായ മുരളീധരന്‍ കെ പി സി സി അധ്യക്ഷന്‍, നായരായ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ്… ഉമ്മന്‍ചാണ്ടിയുടെ താളക്കണക്കിന് പെരുമ ഏറുമ്പോള്‍ ചെന്നിത്തല താളവും ചടുലമാവുക ഇതേ ‘ക്വട്ടേഷന്‍സില്‍’ തന്നെയാകാനാണ് സാധ്യത.
(എസ് വി പ്രദീപ്, ന്യൂസ് എഡിറ്റര്‍, മംഗളം ടെലിവിഷന്‍. 9495827909)