ONV Kurup

തിരുവനന്തപുരം: വിടവാങ്ങിയത് സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗങ്ങളിലെ പകരം വയ്ക്കാനാകാത്ത മഹാപ്രതിഭ.

മലയാള സാഹിത്യ തറവാട്ടിലെ കാരണവരും ഇടതു സഹയാത്രികനുമായ ഒ.എന്‍.വി സാഹിത്യശാഖയ്‌ക്കെന്ന പോലെ തന്നെ മലയാള ചലച്ചിത്രഗാനശാഖയ്ക്കും നിരവധി സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

വയലാറിനുശേഷം രാഷ്ട്രീയ-ജാതി-മത ഭേദമന്യേ കേരള ജനത ഒറ്റമനസോടെ അംഗീകരിച്ച കവിയാണ് ഒ.എന്‍.വി. വിപ്ലവ ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും അതുല്യ സംഭാവനയാണ് അദ്ദേഹം നല്‍കിയത്.

മലയാളികള്‍ക്കു മറക്കാനാവാത്ത അത്രമേല്‍ നെഞ്ചേറ്റിയ ഗാനങ്ങളാണ് ഓരോ കാലത്തും പ്രണയത്തിന്റെയും നോവിന്റെയും രാഷ്ട്രീയത്തിന്റെയും കൈയൊപ്പ് ചാര്‍ത്തി ഒഎന്‍വി മലയാളക്കരയ്ക്ക് സമ്മാനിച്ചത്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്.

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്‍പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ഉജ്ജ്വയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ.എന്‍.വി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

സ്വപ്നാടനത്തിലെ ഗാനങ്ങള്‍ക്ക് 1973ല്‍ ലഭിച്ചതാണ് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. പിന്നീട് ആലിംഗനം (1976), മദനോത്സവം (1977), ഉള്‍ക്കടല്‍ (1979), യാഗം, അമ്മയും മകളും (1980), ആദാമിന്റെ വാരിയെല്ല് (1983), അക്ഷരങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984), നഖക്ഷതങ്ങള്‍ (1986), മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ (1987), വൈശാലി (1988), ഒരു സായാഹ്നത്തിന്റെ സ്വപ്നത്തില്‍, പുറപ്പാട് (1989), രാധാമാധവം (1980), ഗുല്‍മോഹര്‍ (2008) എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കാണ് മറ്റു വര്‍ഷങ്ങങ്ങളില്‍ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. 2009-ല്‍ മികച്ച ഗാനങ്ങള്‍ക്കളുള്ള ഫിലിംഫെയര്‍ പുരസ്‌കാരം പഴശിരാജയിലെ ഗാനങ്ങള്‍ക്കു ലഭിച്ചു.

എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍എഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നെങ്കിലും അന്ന് പരാജയപ്പെട്ടിരുന്നു.

1998-ല്‍ പദ്മശ്രീയും 2011-ല്‍ പദ്മഭൂഷണും നല്‍കി ഒ.എന്‍.വിയെ രാജ്യം ആദരിച്ചു

Top