മോന്‍സണിന്റെ കൈയിലുള്ളവയില്‍ രണ്ടെണ്ണത്തിന് മാത്രം പുരാവസ്തു മൂല്യം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ആര്‍ക്കിയോളജി സര്‍വെ ഓഫ് ഇന്ത്യയുടെ പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്ത് വസ്തുക്കളായിരുന്നു പരിശോധനയ്ക്കായി അയച്ചത്. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും കണ്ടെത്തി.

മോന്‍സന്റെ വീട്ടില്‍ നിന്ന് പിടികൂടിയ വസ്തുക്കള്‍ ഡിസംബര്‍ 29നാണ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. ഇത് ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ദ്ധര്‍ പരിശോധിക്കുകയും ചെയ്തു. മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ നടരാജവിഗ്രഹം, നാണയങ്ങള്‍, ചെമ്പോല, അംശവടി തുടങ്ങിയ പത്തുവസ്തുക്കളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.അതില്‍ രണ്ട് വസ്തുക്കള്‍ക്ക് പുരാവസ്തുമൂല്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ പരിശോധനയില്‍ രണ്ട് വെള്ളിനാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്‍സന്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തല്‍. മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്.

Top