Only the Political morality is Mani ?

തിരുവനന്തപുരം: രാഷ്ട്രീയ ധാര്‍മ്മികത കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്കു മാത്രം മതിയോ. ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി, രാജനും ചന്ദ്രശേഖരനും രാഷ്ട്രീയ ധാര്‍മ്മികത ബാധകമല്ലേ? സിപിഎമ്മിനെതിരെ യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്ന ചോദ്യമാണിത്.

ലാവ്‌ലിന്‍ കേസില്‍ പ്രതിയായതിന്റെ പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ധാര്‍മ്മികതയെങ്കിലും കാരായിമാരുടെ കാര്യത്തില്‍ സിപിഎം പുലര്‍ത്തേണ്ടതുണ്ടായിരുന്നുവെന്ന നിലപാടിലാണവര്‍.

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരിലാണ് ധനമന്ത്രി സ്ഥാനത്തുനിന്നും കെ.എം മാണി രാജിവെച്ചത്. അല്ലാതെ അഴിമതിക്കേസില്‍ ഒറ്റ ദിവസം പോലും ജയിലില്‍ കിടന്നല്ല, യുഡിഎഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി.

എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ വെട്ടിക്കൊന്ന കേസിലാണ് കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സിബിഐ പ്രതികളാക്കിയത്. ഒരു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കര്‍ശന വ്യവസ്ഥയില്‍ ജാമ്യം ലഭിച്ച കാരായിമാര്‍ എറണാകുളത്താണ് താമസം. തെളിവ് നിശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യുമെന്ന സിബിഐ വാദത്തെതുടര്‍ന്നാണ് ഇരുവരെയും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി തടഞ്ഞത്.

വിചാരണക്കോടതിയുടെ പ്രത്യേക അനുമതിയോടെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരനെ തലശേരി മുനിസിപ്പല്‍ ചെയര്‍മാനുമാക്കിയ സിപിഎം, രാഷ്ട്രീയ ധാര്‍മ്മികതയെ വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.

സിപിഎം കോട്ടയിലാണ് ഇരുവരും വിജയിച്ചു കയറിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് നിയമത്തിനും നീതിന്യായ വ്യവസ്ഥക്കും അതീതമായ വിജയമായി വ്യാഖ്യാനിക്കുന്നത് അപകടമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ലാവ്‌ലിന്‍ കേസില്‍ സിബിഐ പ്രതിചേര്‍ത്തതിന്റെ പേരിലാണ് പിണറായി വിജയന് ഒമ്പതു വര്‍ഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഈ ധാര്‍മ്മികതയെങ്കിലും കാരായിമാരുടെ കാര്യത്തില്‍ സിപിഎം പാലിക്കേണ്ടതാണെന്ന് ബിജെപിയും വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയ ധാര്‍മ്മികത മാണിക്കു മാത്രമല്ല കാരായിമാര്‍ക്കും ബാധകമാണെന്ന് കേരള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Top