സ്വര്‍ണക്കടത്തില്‍ സ്വപ്ന മുഖം മാത്രം, പിന്നില്‍ ശിവശങ്കറാകാം; ഇഡി

കൊച്ചി: സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ് മുഖം മാത്രമായിരുന്നുവെന്നും പിന്നില്‍ മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. കുറ്റകൃത്യത്തില്‍ നിന്നുള്ള നേട്ടമെല്ലാം ശിവശങ്കറിനായിരുന്നെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി വാദിച്ചു. അദ്ദേഹം ഗൂഢാലോചനയില്‍ പങ്കാളിയാണ്. സ്വപ്ന സുരേഷിനെ കരുവായി മുന്നില്‍ നിര്‍ത്തിയെങ്കിലും എല്ലാ ചരടും അദ്ദേഹത്തിന്റെ കയ്യിലായിരുന്നു.

പിടിക്കപ്പെട്ട ബാഗേജും അതിനു മുന്‍പുള്ള ബാഗേജുകളും പരിശോധിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാതിരിക്കാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ആരോപിച്ചു. എന്നാല്‍ അന്വേഷണ ഏജന്‍സികളുടേത് കല്‍പിത കഥകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദവാദം കേട്ട കോടതി വിധി 28ലേക്കു മാറ്റി. അന്നുവരെ അറസ്റ്റ് ചെയ്യരുതെന്നും ഇഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിവശങ്കര്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാന്‍ സഹായകരമാകുമെന്നും കസ്റ്റംസ് വാദിച്ചു.

എന്നാല്‍ എന്‍ഫോഴ്സുമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍പോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ആരോപിക്കുന്നതെന്ന് ശിവശങ്കറിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു വാദിച്ചു. ഹോട്ടലില്‍ മുറിയോ ആശുപത്രിയില്‍ ചികിത്സയോ കിട്ടാത്ത തൊട്ടുകൂടാത്തവനായി ശിവശങ്കര്‍ മാറിയിരിക്കുകയാണ്. 2018-ല്‍ നടന്നതൊക്കെ ഓര്‍മിക്കാന്‍ കംപ്യൂട്ടറല്ല. അന്വേഷണവുമായി സഹകരിക്കാന്‍ എപ്പോഴും തയ്യാറാണെന്നും സീനിയര്‍ അഭിഭാഷകന്‍ അറിയിച്ചു.

Top