ഗാന്ധി കുടുംബത്തിന്റെ കാവല്‍ സിആര്‍പിഎഫിന്; എസ്പിജി സുരക്ഷ ഇനി മോദിക്ക് മാത്രം

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും, മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരുടെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആര്‍പിഎഫ്. ഇവര്‍ക്ക് നല്‍കിവന്നിരുന്ന എസ്പിജി സുരക്ഷ കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പകരമാണ് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാന്‍ രംഗത്തിറങ്ങിയത്.

കേന്ദ്ര പാരാമിലിറ്ററി സേനയിലെ കമ്മാന്‍ഡോ സംഘം 10 ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചുമതല ഏറ്റതായി സേന അറിയിച്ചു. ഇസ്രയേലി എക്‌സ്95, എകെ സീരീസ്, എംപി5 തോക്ക് തുടങ്ങിയവയുമായാണ് സിആര്‍പിഎഫ് കമ്മാന്‍ഡോകള്‍ സുരക്ഷ ഒരുക്കുക.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ തുഗ്ലക് ലെയിനിലെ വസതിയിലും, പ്രിയങ്ക ഗാന്ധി വദ്രയുടെ ലോധി എസ്‌റ്റേറ്റിലെ വീട്ടിലും സമാനമായ രീതിയിലാണ് കമ്മാന്‍ഡോകളെ വിന്യസിച്ചത്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ പിന്‍വലിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയില്‍ ഉടനീളം ഗാന്ധി കുടുംബത്തിന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാന്‍ സിആര്‍പിഎഫിന് നിര്‍ദ്ദേശം നല്‍കി. ഇവരുടെ പ്രത്യേക വിവിഐപി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്.

മൂന്ന് വിവിഐപികള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ വേദികള്‍ എന്നിവിടങ്ങളില്‍ കമ്മാന്‍ഡോകള്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഏതാനും ദിവസത്തേക്ക് എസ്പിജി സംഘം സിആര്‍പിഎഫ് ടീമിനെ സഹായിക്കാനായി സ്ഥലത്ത് തുടരും. ഇതിന് ശേഷം പൂര്‍ണ്ണമായും സ്വതന്ത്ര സുരക്ഷ സിആര്‍പിഎഫ് കമ്മാന്‍ഡോകള്‍ ഏറ്റെടുക്കും.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ ഇല്ലാതാകുന്നത്. ഇതോടെ രാജ്യത്ത് എസ്പിജി സുരക്ഷയുള്ള ഏക നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായി.

Top