മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായിക്ക് മാത്രം; ഷാഫി പറമ്പില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേരളത്തില്‍ ഒരു സര്‍ക്കാരും ഇതുവരെ രാജ്യദ്രോഹ കേസിന് അന്വേഷണ വിധേയരാവേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഇ.എം.എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള ഭരണകാലയളവില്‍ എന്തൊക്കെ ആക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും എന്‍.ഐ.എ കേരളത്തിന്റെ സെക്രട്ടറിയേറ്റിന്റെ പടിയും കടന്ന് അകത്തേക്ക് വരുന്ന സാഹചര്യം ഒരാളും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതൊന്നും ഈ ന്യായീകരണ തിലകങ്ങള്‍ക്കൊന്നും അറിയാഞ്ഞിട്ടില്ല. പക്ഷേ പാര്‍ട്ടി പറയുന്നതിലപ്പുറം പാടാന്‍ ആര്‍ജവമില്ലാത്തവരായി മാറിയതു കൊണ്ടാണ് ഇങ്ങനെ ന്യായീകരിക്കേണ്ടി വരുന്നത്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിന്റെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസായി മാറികൊണ്ടിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഉണ്ടാക്കി കൊടുത്ത സൗകര്യങ്ങളുടെ നീണ്ട പട്ടിക ഓരോ ദിവസവും പുറത്തു വന്നിട്ടും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top