എല്ലാം മറക്കാൻ . . മെസ്സിയുടെ ഒരു ഗോൾ മാത്രം മതിയെന്ന് ഇതിഹാസ താരം മറഡോണ

ളിക്കളത്തില്‍ ‘ദൈവം’ കൈ വിട്ടാലും ലോകത്തെ കോടിക്കണക്കിന് ആരാധകര്‍ ഇപ്പോഴും ആവേശത്തോടെ കാത്ത് നില്‍ക്കുന്നത് മെസ്സിയുടെ ഒരു ഗോളിനു വേണ്ടിയാണ്. എല്ലാ വിഷമങ്ങളും മറന്ന് ആവേശത്തിന്റെ കൊടുമുടിയിലെത്താന്‍ അവര്‍ക്ക് ആ ഒരു ഗോള്‍ മതി. ഇപ്പോള്‍ അര്‍ജന്റീനയുടെ മുന്‍ നായകന്‍ ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ മറഡോണയും പറയുന്നു മെസ്സി ഒരു ഗോള്‍ നേടിയാല്‍ കഥയെല്ലാം മാറുമെന്ന്.

പ്രമുഖ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് ഏറ്റവും ഒടുവിലായി അര്‍ജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത മറഡോണ തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞത്.

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ : –

ഐസ്‌ലന്‍ഡിനെ സൂക്ഷിക്കണമെന്നു കളിക്കു മുന്‍പേ അര്‍ജന്റീന ടീമിനോടു ഞാന്‍ പറഞ്ഞതാണ്. അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഐസ്‌ലന്‍ഡുകാര്‍ പ്രതിരോധത്തിന്റെ പതിനെട്ടടവും പയറ്റി. ലയണല്‍ മെസ്സിക്കും ടീമിനും അതിനെ മറികടക്കാന്‍ കഴിയാതെപോയതു മഹാകഷ്ടം, നിരാശാജനകം എന്നൊക്കെയല്ലാതെ എന്തു പറയാന്‍!

എങ്ങനെയും സമനില പിടിച്ച് ഒരു പോയിന്റ് നേടുകയെന്ന ഉദ്ദേശ്യത്തോടെ വരുന്ന ടീമുകളെ നേരിടാന്‍ വലിയ പ്രയാസമാണ്. ടീമിലെ സര്‍വകളിക്കാരും സ്വന്തം ബോക്‌സില്‍ താമസമാക്കിയാല്‍ പിന്നെ അവസരങ്ങള്‍ എങ്ങനെയുണ്ടാകാന്‍? അത്തരം സന്ദര്‍ഭങ്ങളില്‍, വല്ലപ്പോഴും വീണുകിട്ടുന്ന ഒരു ചെറിയ അവസരം പോലും വിലപ്പെട്ടതാണ്. 1-1 സമനിലയില്‍ നില്‍ക്കെ, ലിയോ മെസ്സിക്കു കിട്ടിയ പെനല്‍റ്റി പാഴായതാണു കഴിഞ്ഞ കളിയില്‍ അര്‍ജന്റീനയ്ക്കു സംഭവിച്ച മഹാനഷ്ടം. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു.

WhatsApp Image 2018-06-21 at 2.14.36 PM

പക്ഷേ, അര്‍ജന്റീനയുടെ സമനിലയ്ക്കു ഞാന്‍ മെസ്സിയെ മാത്രം കുറ്റം പറയില്ല. സമനിലയില്‍ ടീമിനൊന്നാകെ ഉത്തരവാദിത്തമുണ്ട്. മെസ്സിക്കു സംഭവിച്ചതുപോലെ എനിക്കും പറ്റിയിട്ടുണ്ട്. 1990ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂഗോസ്ലാവ്യയോടു ജയിച്ച മല്‍സരത്തിലെ ടൈബ്രേക്കറില്‍ എന്റെ കിക്കും ലക്ഷ്യത്തിലെത്തിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍, സംഭവിച്ചതു മറന്നു മുന്നോട്ടു പോവണമെന്നു മാത്രമേ എനിക്ക് ഉപദേശിക്കാനുള്ളൂ.

ഇനി ക്രൊയേഷ്യയാണ് എതിരാളികള്‍. ഐസ്‌ലന്‍ഡുകാരെപ്പോലെ പെനല്‍റ്റി ബോക്‌സില്‍ കൂട്ടമായി നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല അവര്‍. അര്‍ജന്റീന കളിക്കാരേക്കാള്‍ ഉയരമുള്ള ഐസ്‌ലന്‍ഡിനെപ്പോലെയുമല്ല അവര്‍. കുലമഹിമയും പാരമ്പര്യവുമുള്ള ഫുട്‌ബോള്‍ സംഘമാണു ക്രൊയേഷ്യയുടേത്. അവരുടെ മധ്യനിര ഭാവനാസമ്പന്നമാണ്. മോഡ്രിച്ചും റാകിടിച്ചും കളിയുടെ ഒഴുക്കു നിയന്ത്രിക്കാന്‍ മിടുക്കരാണ്. വേണ്ടത്ര മല്‍സരപരിചയമുള്ള അവര്‍ക്ക് എപ്പോള്‍ എവിടെയാണ് ആക്രമിക്കേണ്ടതെന്നും നന്നായി അറിയാം. മാരിയോ മാന്‍ഡ്‌സൂകിച്ച് എന്ന സ്‌ട്രൈക്കറുടെ മികവുകളെ കാണാതിരിക്കാനും വയ്യ.

ഐസ്‌ലന്‍ഡിനെതിരെ അര്‍ജന്റീനയുടെ മധ്യനിരയിലെ വിടവുകള്‍ പരസ്യമായിരുന്നു. ഐസ്‌ലന്‍ഡിന് അതു മുതലെടുക്കാന്‍ പറ്റിയില്ല, പക്ഷേ ക്രൊയേഷ്യക്കാരില്‍നിന്ന് ആ ആനുകുല്യം പ്രതീക്ഷിക്കാനും വയ്യ. കോച്ച് ഹോര്‍ഗെ സാംപോളി കുറച്ചുകൂടി നന്നായി കാര്യങ്ങള്‍ കണക്കുകൂട്ടണം. ശ്വാസം മുട്ടിക്കുന്ന പ്രതിരോധത്തിനു ക്രൊയേഷ്യക്കാര്‍ വരില്ല. അതുകൊണ്ടുതന്നെ അര്‍ജന്റീന സ്‌ട്രൈക്കര്‍മാര്‍ക്കു കളിക്കാന്‍ കൂടുതല്‍ സ്ഥലം കിട്ടും. മെസ്സിയും അഗ്യൂറോയും നന്നായി മാര്‍ക്ക് ചെയ്യപ്പെടുമെന്നുറപ്പാണ്.

WhatsApp Image 2018-06-21 at 2.14.37 PM

അവിടെ മൂന്നാമതൊരു സ്‌ട്രൈക്കര്‍ക്ക് അവസരം കിട്ടും. അവിടേക്കു പറ്റിയൊരാളെ കോച്ച് നിയോഗിക്കണം. ഏയ്ഞ്ചല്‍ ഡി മരിയ കഴിഞ്ഞ കളിയില്‍ പരാജയമായിരുന്നു. ക്രൊയേഷ്യക്കെതിരെ ടീമില്‍ ഇടം കിട്ടിയാല്‍, ഈ മൂന്നാം സ്‌ട്രൈക്കറുടെ റോളാണു ഡി മരിയ ചെയ്യേണ്ടത്. അതേസമയം, ആ സ്ഥാനത്തേക്കു പൗലോ ഡൈബാല വരുമെന്നും കേള്‍ക്കുന്നുണ്ട്. നല്ല കാര്യം.

പ്രതിരോധത്തില്‍, മഷരാനോയും ബനേഗയും തോളോടു തോള്‍ ചേര്‍ന്ന് ഉത്തരവാദിത്തമേല്‍ക്കണം. ഇത്രയൊക്കെ വിമര്‍ശിച്ചെങ്കിലും അര്‍ജന്റീനയുടെ ഭാവിയെക്കുറിച്ച് എനിക്ക് ആശ നശിച്ചിട്ടൊന്നുമില്ല. യഥാര്‍ഥ ഫുട്‌ബോള്‍ കളി അവരുടെ ഉള്ളിലുണ്ട്. അടങ്ങാത്ത ആഗ്രഹവും അച്ചടക്കവും അവരെ ലക്ഷ്യത്തിലെത്തിക്കും. ഇപ്പോള്‍, ഇക്കഴിഞ്ഞതെല്ലാം മറക്കാന്‍ മെസ്സിയുടെ ഒരു ഗോള്‍ മതി; അത്രമാത്രം!

Top