കശ്മീരി​ൽ സ​മാ​ധാ​ന​മു​ണ്ടാ​ക്കാൻ ന​രേ​ന്ദ്ര മോ​ദി​ക്കു മാത്രമേ കഴിയൂവെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മാ​ത്ര​മാ​ണ് ജ​മ്മു കശ്മീ​ർ സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ഇവിടുത്തെ ജനങ്ങൾക്കായി അദ്ദേഹം എന്തു തീരുമാനമെടുത്താലും അതു രാജ്യം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി കൂടി സഖ്യകക്ഷിയായ സർക്കാരിനെ നയിക്കുന്ന മെഹബൂബ അഭിപ്രായപ്പെട്ടു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​തി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും കശ്മീർ താ​ഴ്വ​ര​യെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നും സ​ങ്കീ​ർ​ണ​ത​ക​ളി​ൽ ​നി​ന്നും മോ​ചി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്നും മെ​ഹ​ബൂ​ബ പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജ​മ്മു കശ്മീരി​നെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നു മോ​ചി​പ്പി​ക്ക​ണ​മെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ചാ​രി​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന് ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യു​ണ്ട്. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്ത്. അ​ദ്ദേ​ഹ​മെ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​വും രാ​ജ്യം അം​ഗീ​ക​രി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യും- ഒ​രു പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ മെ​ഹ​ബൂ​ബ പ​റ​ഞ്ഞു.

2015 ഡി​സം​ബ​റി​ൽ ലാ​ഹോ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ മോ​ദി​യെ​ടു​ത്ത തീ​രു​മാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൗ​ർ​ബ​ല്യ​മ​ല്ല, ശ​ക്തി​യാ​ണ് പ്ര​ക​ട​മാ​ക്കി​യ​തെ​ന്നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന് പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ ക​രു​ത്തു​ണ്ടാ​യി​ല്ലെ​ന്നും മെ​ഹ​ബൂ​ബ പ​രി​ഹ​സി​ച്ചു.

Top