ബിജെപി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുന്നു: കമല്‍ഹാസന്‍

ചെന്നൈ:ആദായനികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് കമല്‍ഹാസന്‍. ബിജെപി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുകയാണ്.
മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖറിന്റെ സ്ഥാപനങ്ങളിലാണ് വ്യാപക റെയ്ഡ്. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളില്‍ നിന്ന് 11.5 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫ്രണ്ടേഴ്‌സിലേക്കും പരിശോധന നീണ്ടു.

കമലിന്റെ വിശ്വസ്ഥനായ ചന്ദ്രശേഖറാണ് നിര്‍മ്മാണ കമ്പനിയുടെ ഡയറക്ടര്‍. ചന്ദ്രശേഖറിന്റെ തിരുപ്പൂരിലെ അനിതാ എക്‌സപോര്‍ട്ട്‌സ് എന്ന് സ്ഥാപനത്തിലും റെയ്ഡ് നടത്തി. മുഴുവന്‍ പരിശോധനയും പൂര്‍ത്തിയായതിന് ശേഷം പ്രതികരിക്കാമെന്ന് കമല്‍ വ്യക്തമാക്കി. ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്.

ധാരാപുരത്ത് ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വസതിയില്‍ റെയ്ഡ് നടത്തിയെങ്കിലും അനധികൃതമായൊന്നും കണ്ടെത്തിയില്ല. പ്രതികാര നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്ന രാഷ്ട്രീയ സന്ദേശം കൂടി നല്‍കിയാണ് ഡിഎംകെ പ്രചാരണം.

 

Top