ഇടതു ജാഥകളില്‍ പങ്കെടുക്കുന്ന 90 ശതമാനം പ്രവര്‍ത്തകരും സിപിഎമ്മില്‍ നിന്നും മാത്രം !

തിരുവനന്തപുരം: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് മറുപടി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തുറന്നു കാട്ടിയും ഇടതു മുന്നണി നടത്തുന്ന ജനജാഗ്രതാ യാത്രയില്‍ പങ്കെടുക്കുന്നവരില്‍ ബഹു ഭൂരിപക്ഷവും സി.പി.എം പ്രവര്‍ത്തകര്‍.

കാസര്‍ഗോഡ് നിന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയിലും തിരുവനന്തപുരത്ത് നിന്നും കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയിലും അണിനിരക്കുന്നവരില്‍ 90 ശതമാനത്തിലേറെ പ്രവര്‍ത്തകരും സി.പി.എമ്മുകാരാണ്.

ബി.ജെ.പി ഒറ്റക്ക് ജാഥ നടത്തിയതുപോലെ സി.പി.എമ്മിന് ഒറ്റക്ക് തന്നെ ജാഥ നടത്താമായിരുന്നു എന്ന പരിഭവം സി.പി.എം അണികളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

ആളില്ലാ പാര്‍ട്ടികള്‍ക്ക് എം.എല്‍.എ സ്ഥാനവും മന്ത്രി പദവികളും നല്‍കുന്നതില്‍ ഇനി കാര്യമില്ലെന്നും ഈ നിലപാട് പുന:പരിശോധിക്കണമെന്നുമാണ് അണികള്‍ക്കിടയിലെ വികാരം.

ഇടതു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായി ഭരണത്തിലും തലവേദന സൃഷ്ടിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി തന്നെ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയില്‍ പോലും ഒരു പ്രദേശത്തും സി.പി.ഐ പ്രവര്‍ത്തകര്‍ കാര്യമായി പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നിട്ട എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സി.പി.എം പ്രവര്‍ത്തകരാണ് ജാഥയെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയത്.

സി.പി.ഐക്ക് ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന കൊല്ലം ജില്ലയിലെ ആദ്യ പര്യടന ദിവസം തന്നെ അവരുടെ ‘ശക്തി ക്ഷയവും’ പ്രകടമായിരുന്നു.

സി.പി.എം ഊതിവീര്‍പ്പിച്ച ‘ബലൂണ്‍’ ആണ് സി.പി.ഐ എന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ പോലും അഭിപ്രായപ്പെടുന്നത്.

എം.എല്‍.എമാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് സി.പി.ഐക്ക് എത്താന്‍ കഴിഞ്ഞതും ഡെപ്യൂട്ടി സ്പീക്കര്‍ ഉള്‍പ്പെടെ നാല് മന്ത്രിമാരെ ലഭിച്ചതും സി.പി.എമ്മിന്റെ അതിര് കടന്ന പരിഗണനയായാണ് അവര്‍ വിലയിരുത്തുന്നത്.

യു.ഡി.എഫില്‍ മുസ്ലീം ലീഗ് രണ്ടാം കക്ഷിയാണെങ്കില്‍ അവര്‍ക്ക് അതിനുള്ള വ്യക്തമായ സ്വാധീനം മലബാര്‍ മേഖലയിലുണ്ട്

കേരളാ കോണ്‍ഗ്രസ്സിനാണെങ്കില്‍ കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും സ്വന്തം നിലക്കും സ്വാധീനമുണ്ട്.

എന്നാല്‍ സി.പി.ഐക്ക് സംസ്ഥാനത്ത് വലിയ സ്വാധീനമുണ്ട് എന്ന് അവകാശപ്പെടുന്ന കൊല്ലത്തും തൃശൂരിലും, മുസ്ലീം ലീഗിനേയോ കേരള കോണ്‍ഗ്രസ്സിനേയോ താരതമ്യം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള യാതൊരു സ്വാധീനവുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നിട്ടും എംഎല്‍എമാരുടെ എണ്ണത്തില്‍ ഈ പാര്‍ട്ടികള്‍ക്ക് മേലെ എത്തിയത് അര്‍ഹതയില്ലാത്ത അംഗീകാരമായാണ് വിലയിരുത്തല്‍.

ഒരു ‘ഓട്ടോറിക്ഷയില്‍’ കയറാന്‍ പോലും ആളില്ലാത്ത കോണ്‍ഗ്രസ്സ് (എസ്സ്), എന്‍.സി.പി, ജനതാദള്‍(എസ്) പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയതും അതിര് കടന്ന നടപടിയായും രാഷ്ട്രീയ നിരീക്ഷകര്‍ കളിയാക്കുന്നുണ്ട്.

അതേസമയം, സി.പി.എം സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യവും ചര്‍ച്ചയാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം അണികള്‍.

Top