രാജ്യത്ത് 8 വർഷത്തിനിടെ 22.05 കോടി അപേക്ഷകൾ; 7.22 ലക്ഷം പേർക്ക് മാത്രം ജോലി

ഡൽഹി∙ രാജ്യത്ത് എട്ടുവർഷത്തിനിടെ 22.05 കോടി തൊഴിൽ അപേക്ഷകരിൽ നിന്ന് കേന്ദ്രസർക്കാർ ജോലി നൽകിയത് 7.22 ലക്ഷം പേർക്ക് മാത്രമെന്ന് കേന്ദ്ര പഴ്സനൽ മന്ത്രാലയ സഹമന്ത്രി ജിതേന്ദ്ര സിങ്. ലോ‌ക്‌സഭയിൽ എഴുതി തയാറാക്കിയ മറുപടിയിലാണ് ജിതേന്ദ്ര സിങ് ഈ കാര്യം അറിയിച്ചത്. 2014 മുതൽ 2022 വരെയുള്ള കണക്കനുസരിച്ച് സർക്കാർ ജോലി ലഭിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവാണ് രേഖപ്പെടുത്തിയിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ സർക്കാർ ജോലിക്കായി അപേക്ഷിച്ചത് 2018–2019 കാലഘട്ടത്തിൽ ആയിരുന്നു. 5.09 കോടി. ഏറ്റവും കുറവ് 2020–2021 കാലഘട്ടത്തിലും. 1.80 കോടി. 2014 മുതൽ ഓരോവർഷവും ശരാശരി 2.75 കോടി അപേക്ഷകളാണ് സർക്കാർ ജോലിക്കായി ലഭിക്കുന്നതെങ്കിലും നിയമനത്തിന് യോഗ്യത ലഭിക്കുന്നവരുടെ എണ്ണം ശരാശരി ഒരു ലക്ഷത്തിനും താഴെയാണ്.

രാജ്യത്ത് മോദി ഭരണത്തിൽ തൊഴിലില്ലായ്മ ഗണമ്യമായി വർധിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,000 പേരിൽ 3 പേർക്ക് മാത്രമാണ് തൊഴിൽ ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു. തൊഴിലില്ലായ്‌മയെ കുറിച്ച് ചോദിക്കുമ്പോൾ രാജാവ് കോപിക്കും, പക്ഷേ യഥാർഥ്യം മറ്റൊന്നാണ്, രാജ്യത്തിന്റെ സമ്പത്തായ യുവജനങ്ങളെ ബിജെപി ബാധ്യതയായാണ് കാണുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

അടുത്ത ഒന്നര വർഷത്തിനകം രാജ്യത്തു 10 ലക്ഷം തൊഴിലവസരം ഒരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സർക്കാർ വകുപ്പുകൾക്കു ജൂണിൽ നിർദേശം നൽകിയിരുന്നു. ദൗത്യമായി കണക്കാക്കി മന്ത്രാലയങ്ങളും വകുപ്പുകളും നിയമനങ്ങൾ നൽകണമെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശം. എട്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണു സർക്കാർ തീരുമാനം. 18 മാസത്തിനകം 10 ലക്ഷം തൊഴിലുകൾ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പ് മേധാവികളുമായി മോദി ചർച്ച നടത്തിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.

Top