ദൃക്‌സാക്ഷികള്‍ 23 പേര്‍ മാത്രമോ; യുപി സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലഖിംപുരില്‍ റാലിക്കിടയിലേക്കു വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ 23 ദൃക്‌സാക്ഷികള്‍ മാത്രമേയുള്ളോയെന്നു യുപി സര്‍ക്കാരിനോടു സുപ്രീം കോടതി. കേസ് അട്ടിമറിക്കാന്‍ യുപി പൊലീസ് ശ്രമിക്കുന്നു എന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണു സുപ്രീം കോടതിയുടെ പരാമര്‍ശം.

നിരവധി കര്‍ഷകര്‍ പങ്കെടുത്ത റാലിയില്‍ 28 പേര്‍ മാത്രമാണോ സംഭവത്തിനു ദൃക്‌സാക്ഷിയെന്നു കോടതി ആരാഞ്ഞു. അപകടം ഉണ്ടാക്കിയ വാഹനത്തിലെ യാത്രക്കാരെ നേരില്‍ കണ്ടതായി 23 പേര്‍ മാത്രമാണു മൊഴി നല്‍കിയതെന്നാണു യുപി സര്‍ക്കാര്‍ വാദിച്ചത്.

ഹര്‍ജിയില്‍ വാദം കേള്‍ക്കവെ, യുപി സര്‍ക്കാരിനെതിരെ കടുത്ത ചോദ്യങ്ങളാണു സുപ്രീം കോടതി ഉന്നയിച്ചത്. ദൃക്‌സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തണമെന്നും അവര്‍ക്കു സംരക്ഷണം നല്‍കണമെന്നും കേസ് അനന്തമായി നീളരുതെന്നും കോടതി നിര്‍ദേശിച്ചു.

ഒക്ടോബര്‍ 3ന് ഉണ്ടായ അക്രമത്തില്‍ 4 കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും അടക്കം 8 പേരുടെ ജീവനാണു നഷ്ടമായത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ ഒരു കാര്‍ കര്‍ഷകര്‍ക്കിടയിലേക്കു പാഞ്ഞുകയറിയതാണ് അപകടത്തിനു കാരണം എന്നാണ് ആരോപണം. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അടക്കം 13 പേരാണു കേസില്‍ ഇതുവരെ അറസ്റ്റിലായത്.

Top