ഓണ്‍ലൈൻ വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സാധുതയുണ്ടാകുവെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: 2021 ജനുവരി മുതല്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സംസ്ഥാനത്ത് സാധുത ഉണ്ടായിരിക്കുകയുള്ളുവെന്ന് മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. പുതുതായി സര്‍ട്ടിഫിക്കറ്റ് എടുക്കുന്നവര്‍ ഓണ്‍ലൈനായി എടുക്കണമെന്നും പഴയ സംവിധാനത്തില്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് കാലാവധി തീരുന്നത് വരെയെ സാധുതയുണ്ടാവുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ സോഫ്റ്റ് വെയറുമായി ഇതുവരെ 700 പൊലൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചെന്നും 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ഓണ്‍ലൈന്‍ വഴി നല്‍കയെന്നും അധികൃതര്‍ പറയുന്നു.

നിലവില്‍ സംസ്ഥാനത്ത് 900 പുക പരിശോധനാകേന്ദ്രങ്ങളുണ്ട്. സംസ്ഥാനത്ത് ഇനി 30 ശതമാനം പൊലൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ കൂടി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനുണ്ട്. കേന്ദ്ര ഉപരിതലമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന യന്ത്രസംവിധാനങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. പുകപരിശോധന ‘വാഹന്‍’ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യമാണ് അധികം വേണ്ടിവരിക. ഇവയുടെ സോഫ്റ്റ്‌വേറിലേക്ക് ‘വാഹനത്തെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഓണ്‍ലൈന്‍ പരിശോധനാ ഫലം നേരിട്ട് വാഹന്‍ വെബ്‌സൈറ്റിലേക്ക് ചേര്‍ക്കും.

രജിസ്‌ട്രേഷന്‍ രേഖകള്‍ക്കൊപ്പം പുകപരിശോധന സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ രാജ്യത്തെവിടെയും ലഭിക്കും. വാഹന പരിശോധനാ സമയങ്ങളില്‍ ഈ ഡിജിറ്റല്‍ പകര്‍പ്പ് മതി. സംസ്ഥാനത്ത് വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി കണ്ടെത്തിയതോടെയാണ് മറ്റു പല സംസ്ഥാനങ്ങളിലും വിജയിച്ച ഈ ഓൺലൈൻ സംവിധാനം നടപ്പിലാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരിശോധനയില്‍ 1500 വാഹനങ്ങള്‍ പരാജയപ്പെട്ടു.

Top