online taxi service uber

uber

പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബര്‍ ( Uber ) സ്വന്തംനിലയ്ക്ക് റോഡുഭൂപടം നിര്‍മിക്കുന്നു. ഗൂഗിളിന്റെ മാപ്‌സ് സര്‍വീസിനെ വലിയ തോതില്‍ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.

ആഗോളതലത്തില്‍ ഇത്തരമൊരു മാപ്പ് നിര്‍മിക്കാനുള്ള പദ്ധതിയില്‍ 50 കോടി ഡോളര്‍ (3250 കോടി രൂപ) യൂബര്‍ മുതല്‍ മുടക്കുന്നതായി ‘ദി ഫിനാഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലുള്ള മാപ്പുകളെ ആശ്രയിക്കുകയെന്നത് തുടക്കത്തില്‍ നല്ലതാണ് യൂബറിന്റെ മാപ്പിങ് സര്‍വീസ് വികസിപ്പിക്കുന്ന ബ്രിയാന്‍ മക്ക്‌ലെന്‍ഡോന്‍ പറഞ്ഞു.

എന്നാല്‍ യൂബറിനെപ്പോലൊരു കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായത്ര വിശദാംശങ്ങള്‍ അത്തരം മാപ്പുകളില്‍ കണ്ടെന്ന് വരില്ല. ട്രാഫിക് രീതികള്‍, പ്രധാനപ്പെട്ട പിക്കപ്പ് സ്ഥലങ്ങള്‍, ഡോര്‍ പൊസിഷന്‍ തുടങ്ങിയവ.

ഇത്തരം വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന മാപ്പ് രൂപപ്പെടുത്താനാണ് കമ്പനി ഇത്രയും പണം മുടക്കുന്നത്. ഗൂഗിള്‍ എര്‍ത്ത് വികസിപ്പിച്ചവരില്‍ പ്രധാനിയായ മക്ക്‌ലെന്‍ഡോന്‍ അറിയിച്ചു. 2015 ലാണ് അദ്ദേഹം ഗൂഗിളില്‍ നിന്ന് യൂബറില്‍ ചേര്‍ന്നത്.

സ്വന്തം മാപ്പ്‌സ് സര്‍വ്വീസ് രൂപപ്പെടുത്താനായി വേറെയും ചില വിദഗ്ധരെ ഗൂഗിളില്‍ നിന്ന് യൂബര്‍ എടുത്തിരുന്നു. ‘ടോംടോം’ ( TomTom ), ‘ഡിജിറ്റല്‍ഗ്ലോബ്’ ( DigitalGlobe ) തുടങ്ങി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില കമ്പനികളുമായി യൂബര്‍ പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ആഗോളതലത്തില്‍ കൂടുതല്‍ കാര്യക്ഷമമായ റോഡുഭൂപടം രൂപപ്പെടുത്തുന്നതിന്റെ തുടക്കമെന്ന നിലയില്‍, മെക്‌സിക്കോയില്‍ യൂബര്‍ മാപ്പിങ് പ്രവര്‍ത്തനം ആരംഭിച്ചതായി കഴിഞ്ഞയാഴ്ച ‘ബ്ലൂംബര്‍ഗ്’ ( Bloomberg ) റിപ്പോര്‍ട്ട് ചെയ്തിരുന്നു . മറ്റ് രാജ്യങ്ങളിലും ഈ പ്രവര്‍ത്തനം താമസിയാതെ ആരംഭിക്കുമെന്ന് യൂബര്‍ പറഞ്ഞു.

Top