ഓൺലൈൻ ഷോപ്പിം​ഗ്; 62 ശതമാനം ഇന്ത്യക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ട്

ഡൽഹി: ഉത്സവ സീസണിൽ 62 ശതമാനം ഇന്ത്യക്കാരും ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്ന് പഠന റിപ്പോർട്ട്. അവധിക്കാലത്തെ സൈബർ സുരക്ഷയും ഓൺലൈൻ ഷോപ്പിംഗും സംബന്ധിച്ച് ഹാരിസ് പോൾ നടത്തിയ സർവ്വേഫലമാണ് റിപ്പോർട്ടിന് അടിസ്ഥാനം. സൈബർ സുരക്ഷയിലെ ആ​ഗോളഭീമന്മാരായ നോർട്ടൺലൈഫ് ലോക്കിന് വേണ്ടിയാണ് സർവ്വേ സംഘടിപ്പിച്ചത്.

2022 ഓഗസ്റ്റ് 15 നും 2022 സെപ്തംബർ 1നും ഇടയിൽ, 18 വയസ്സിന് മുകളിലുള്ള 1001 ഇന്ത്യക്കാരിൽ നടത്തിയ ഓൺലൈൻ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. ഇന്റർനെറ്റ് ഷോപ്പിംഗ് നടത്തുന്നവർ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് സർവ്വേഫലം ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും വെബ്‌സൈറ്റിൽ പേയ്‌മെന്റ് വിവരങ്ങൾ സമർപ്പിക്കുമ്പോഴെല്ലാം ഒരാൾ കൂടുതൽ ജാഗ്രത പാലിക്കണം. ആ വിവരങ്ങൾ ഹാക്കർമാർ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്തേക്കാമെന്ന് സർവ്വേറിപ്പോർട്ട് പറയുന്നു. ഓൺലൈൻ ഷോപ്പിംഗ് മികച്ച സൗകര്യം നൽകുന്നുണ്ടെങ്കിലും അതിന് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. സർവേയിൽ പങ്കെടുത്ത 60% ഇന്ത്യക്കാരും വർഷത്തിലെ മറ്റ് സമയങ്ങളെ അപേക്ഷിച്ച് സമ്മാനങ്ങൾ നൽകുന്ന സീസണിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ കൂടുതൽ അപകടസാധ്യതകൾ ഉള്ളതായി സമ്മതിക്കുന്നെന്നും റിപ്പോർട്ട് പറയുന്നു.

Top