Online sex racket; Crimebranch moved to protect high people

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം. കൊട്ടി ഘോഷിച്ച് ഐജിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇടനിലക്കാരെന്നു പറയുന്നവരെ പിടികൂടുകയും, ഇരകളെ കണ്ടെത്തുകയും ചെയ്തിട്ടും വേട്ടയാടിയ ഉന്നതരില്‍ ഒരാളെപ്പോലും പിടികൂടാന്‍ കഴിയാത്തതും പോലീസിന് പുറത്തു നിന്നുള്ളവരുടെ സാന്നിധ്യവുമാണ് സംശയത്തിനിട നല്‍കിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയടക്കം ഫ്‌ളൈറ്റില്‍ ‘പറന്നിറങ്ങി’ പീഡിപ്പിച്ചവരേയും സംസ്ഥാനത്തിനകത്തുള്ള ഉന്നതരെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. ക്രൈംബ്രാഞ്ച് പറയുന്നത് ശരിയാണെങ്കില്‍ അത്യന്തം ഗുരുതരമായ ഈ കുറ്റകൃത്യം ചെയ്തവരെ പിടികൂടാത്തത് വ്യക്തമായ ചില ‘താല്‍പര്യങ്ങളുടെ’ പുറത്താണെന്നാണ് ആക്ഷേപം.

പെണ്‍കുട്ടികളെ കാഴ്ചവച്ച ഇടനിലക്കാരെ അറസ്റ്റ് ചെയ്തതിനാല്‍ സ്വദേശത്തും പുറത്തുമുള്ള വിഐപികളടക്കമുള്ളവര്‍ ആരാണെന്ന് കണ്ടെത്താന്‍ നിഷ്പ്രയാസം സാധിക്കുമെന്നാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നത്.

പ്രതികളുടെ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയും അറസ്റ്റിന് മുമ്പ് ഇവരില്‍ പലരുടേയും മൊബൈല്‍ ഫോണുകള്‍ മോണിറ്റര്‍ ചെയ്യുകയും ചെയ്ത അന്വേഷണ സംഘം ഇപ്പോള്‍ നാടകം കളിക്കുകയാണെന്ന തോന്നല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്.

രണ്ട് സംഭവമായിരുന്നിട്ടും വാര്‍ത്താപ്രാധാന്യത്തിനായി ഓണ്‍ലൈന്‍ പെണ്‍വാണിഭം ഒറ്റക്കേസായി ചിത്രീകരിച്ച് രാഹുല്‍ പശുപാലനേയും ഭാര്യയേയും മാത്രം ഹൈലൈറ്റ് ചെയ്ത് ചാനലുകളില്‍ ലൈവ്‌ഷോ നടത്തിയ ഉദ്യോഗസ്ഥന്‍ പോലീസിന് പുറത്തുള്ളവരെ കേസന്വേഷണത്തില്‍ ഉപയോഗപ്പെടുത്തിയത് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.

‘മാധ്യമം’ ദിനപ്പത്രമാണ് ഇതു സംബന്ധമായ നിര്‍ണ്ണായക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ കുടുക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ തുടരുന്ന യൂണിഫോമിടാത്ത ‘ബിഗ് ഡാഡി’ ആരാണെന്ന് രണ്ടാഴ്ചയായി പോലീസ് ഉദ്യോഗസ്ഥര്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണെന്നാണ് ‘മാധ്യമം’ ചൂണ്ടിക്കാണിക്കുന്നത്.

പ്രതികളുടെ മൊഴി ഉന്നതങ്ങളിലേക്ക് ചോര്‍ത്തി നല്‍കാനാണ് ഇദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ‘മാധ്യമം’ ചൂണ്ടിക്കാട്ടുന്നത്.

(മാധ്യമം ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ചുവടെ…)

യൂണിഫോമിടാത്ത ‘ബിഗ് ഡാഡി’ ആര്?

തിരുവനന്തപുരം:ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ കുടുക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ തുടരുന്ന യൂണിഫോമിടാത്ത ‘ബിഗ് ഡാഡി’ ആര്? രണ്ടാഴ്ചയായി പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും പരസ്പരം ചോദിക്കുന്നതാണിത്.

പൊലീസ് സേനാംഗമല്ലാത്ത ഈ ഉദ്യോഗസ്ഥന്‍ കേസിന്റെ ആദ്യ നാള്‍ മുതല്‍ അന്വേഷണ സംഘത്തോടൊപ്പമുണ്ട്. ഒരു ഐ.ജിയുടെ ഓഫീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ഓണ്‍ലൈന്‍ സംബന്ധമായ കേസായതിനാല്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ അന്വേഷണത്തിന് അനിവാര്യമാണ്.

സേനയിലേയും മിനിസ്റ്റീരിയല്‍ വിഭാഗത്തിലേയും ഇത്തരക്കാരുടെ സേവനം അന്വേഷണത്തിന് പ്രയോജനപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

എന്നാല്‍,അന്വേഷണ സംഘത്തിലുള്ള അജ്ഞാതന്‍ സാങ്കേതിക പരിജ്ഞാനമുള്ളയാളല്ലെന്നാണ് വിവരം. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അന്വേഷണ സംഘം തയ്യാറല്ല. ഇത് ദുരൂഹതകള്‍ക്ക് ഇടയാക്കുന്നു.

‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ യുടെ ഭാഗമായി ഐ.ജി ശ്രീജിത്ത് ആദ്യവാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് ഇയാളെ മറ്റുദ്യോഗസ്ഥരില്‍ പലരും കാണുന്നത്.

പ്രതികളുടെ മൊഴി ഉന്നതങ്ങളിലേക്ക് ചോര്‍ത്തി നല്‍കാനാണ് ഇദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സംശയമുണ്ട്. അങ്ങനെയെങ്കില്‍, അതിന് ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദം ലഭിച്ചിട്ടുണ്ടാകണം.

സോളാര്‍ കേസിലും കൊച്ചി ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസിലും ഭരണകക്ഷിയിലെ ഉന്നതര്‍ക്കെതിരെ പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

ഈ കേസുകളുടെ പുരോഗതി ഇന്റലിജന്‍സ് മുഖേന ഉന്നതര്‍ കൃത്യമായി അറിയുന്നുണ്ടായിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഇന്റലിജന്‍സിനെ കടത്തിവെട്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ ഭരണതലത്തില്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചന.

Top