നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം;ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലില്‍,സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം സ്‌കൂളുകള്‍ തുറക്കാനാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുക. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്.

ക്ലാസുകള്‍ ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാകും നടത്തുക. ഈ ക്ലാസുകള്‍ വീണ്ടും പ്രക്ഷേപണം ചെയ്യുന്നതാണ്. മലയാളം മീഡിയത്തില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ എടുക്കുക.

തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 8.30 മുതല്‍ 5.30 വരെയാണ് ക്ലാസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ പുനഃസംപ്രേഷണം ഉണ്ടാകും.ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ ആയിട്ടുണ്ട്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.

തിങ്കളാഴചത്തെ ടൈംടേബിള്‍:

പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്, 9.00ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റികസ്, 10ന് കെമിസ്ട്രി.

പത്താം ക്ലാസ്: 11.00 മണിക്ക് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12.00ന് ജീവശാസ്ത്രം.

പ്രൈമറി വിഭാഗത്തില്‍ ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം.

രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം.

മൂന്നാം ക്ലാസിന് ഒരു മണിക്ക് മലയാളം.

നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്.

അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം – ഉച്ചക്ക യഥാക്രമം 2.00, 2.30, 3.00.

എട്ടാം ക്ലാസിന് വൈകീട്ട് 3.30ന് ഗണിതശാസ്ത്രം. 4.00 മണിക്ക് രസതന്ത്രം.

ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷ്. അഞ്ച് മണിക്ക് ഗണിതശാസ്ത്രം.

പന്ത്രണ്ടാം ക്ലാസിലുള്ള നാല് വിഷയങ്ങള്‍ രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങള്‍ വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണം ചെയ്യുന്നതാണ്. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയും ഉണ്ടാകും.

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്‌വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറില്‍ ചാനല്‍ ലഭിക്കും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്‌സ് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. ടിവികളില്‍ വിക്ടേഴ്‌സ് ചാനല്‍ ലഭിക്കാത്തവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ വഴിയോ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചോ ക്ലാസില്‍ പങ്കെടുക്കാവുന്നതാണ്.

ഇതിനുപുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്‌സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാനുള്ള സംവിധാനമില്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാകുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്. തദ്ദേശസ്ഥാപനങ്ങളടക്കമുള്ളവയുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമം നടത്തണം.

സംപ്രേക്ഷണ സമയത്തോ, ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്കായി പിന്നീട് ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‌ലൈനായി കാണിക്കുന്നതുള്‍പ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

ചാനലിലെ ക്ലാസുകളുടെ ഫോളോഅപ്പ് നടത്തുന്നത് കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരായിരിക്കും.ടെലഫോണ്‍, വാട്സാപ്പ് മുഖാന്തരമോ കുട്ടിയുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു നെറ്റ് വര്‍ക്ക് ഉണ്ടാക്കേണ്ട ചുമതല അധ്യാപകനാണ്.ക്ലാസിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുണ്ടാക്കുന്ന നെറ്റ് വര്‍ക്ക് വഴി സംശയ ദുരീകരണം നടത്താവുന്നതുമാണ്.

Top