ഓണ്‍ലൈൻ റമ്മി കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത; തമിഴ്നാട്ടിൽ ഒരു യുവാവ് കൂടി ജീവനൊടുക്കി

ചെന്നൈ: ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടബാധ്യത താങ്ങാനാകാതെ തമിഴ്നാട്ടിൽ ഒരു യുവാവ് കൂടി ജീവനൊടുക്കി. നാമക്കൽ രാസപുരം സ്വദേശി സുരേഷാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ റമ്മിയ്ക്ക് അടിമയായെന്നും രക്ഷപ്പെടാൻ മറ്റ് വഴിയില്ലെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയാണ് ഇദ്ദേഹം റമ്മി കളിച്ച് ഉണ്ടാക്കിയത്. ബികോം വിജയിച്ച ശേഷം സുരേഷ് വിദേശത്ത് ജോലിയ്ക്കായി ശ്രമിക്കുകയായിരുന്നു. ഇതിനായി കരുതിവച്ച പണവും സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് കടംവാങ്ങിയ പണവും ചൂതാട്ടത്തിൽ നഷ്ടമായി. രാസപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസവും സമാനമായ സംഭവം ഉണ്ടായിരുന്നു. ധർമപുരി അരൂ‍ർ മുത്തന്നൂർ സ്വദേശി പ്രഭുവാണ് മരിച്ചത്. ഓൺലൈൻ റമ്മിയിൽ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം നഷ്ടപ്പെടുത്തിയത്. ഈ ബാധ്യത തീർക്കാൻ മൂന്ന് ലക്ഷം രൂപയ്ക്ക് കേരള ലോട്ടറിയെടുത്ത് അതും നഷ്ടപ്പെടുത്തി. വീട് വിൽക്കാൻ അഡ്വാൻസ് വാങ്ങിയ തുകയും റമ്മിയിൽ നഷ്ടപ്പെടുത്തി. കടം വീട്ടാൻ എല്ലാ വഴികളും അടഞ്ഞപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ അരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

Top