കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷന്‍ ജൂൺ 15 വരെ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തീയതി 15.06.2023 ന് വൈകിട്ട് 5 മണി വരെ നീട്ടിയിരിക്കുന്നു. www.admission.uoc.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടണ്‍ ക്ലിക് ചെയ്യുന്നതിന് മുന്‍പേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ.

+2/ഹയര്‍ സെക്കന്ററി മാര്‍ക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റര്‍ നമ്പര്‍, പേര്, ജനന തിയ്യതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ +2/HSE മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക. റഗുലര്‍ അലോട്ട്മെന്റുകള്‍ക്കിടയില്‍ യാതൊരുവിധ എഡിറ്റിംങും അനുവദിക്കുന്നതായിരിക്കില്ല. ആയതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക് കൃത്യമാണെന്നും NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ +2 തലത്തിലുള്ളതാണെന്നും നോണ്‍-ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.

2022, 2023 വര്‍ഷങ്ങളില്‍ VHSE- NSQF സ്കീമില്‍ +2 പാസായ വിദ്യാര്‍ത്ഥികള്‍ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത്എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലാഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

Top