ഗുരുവായൂരില്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; ദിവസം 600 പേര്‍ക്ക് ദര്‍ശനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുദിവസം 600 പേര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.

ക്ഷേത്രത്തില്‍ രാവില ഒമ്പത് മുതല്‍ ഒന്നര വരെ മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളു. ബാച്ചായിട്ടായിരിക്കും ദര്‍ശനം നടത്തേണ്ടത്. ഓരോ ബാച്ചിലും 50 പേര്‍. ഒരു മണിക്കൂറില്‍ 3 ബാച്ചിനെ കടത്തിവിടും.അങ്ങനെ ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വിഐപി ദര്‍ശനം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്തര്‍ ശാരീരിക അകലം കൃത്യമായി പാലിക്കണം. ക്ഷേത്രത്തിനുള്ളിലെ ഗ്രില്ലുകള്‍ സാനിറ്റൈസ് ചെയ്യുമെന്നും ജീവനക്കാരും ഭക്തരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്ര നടയില്‍ ഒരു ദിവസം 60 വിവാഹം വരെ നടത്താം. രാവിലെ 5 മണി മുതല്‍ 1.30വരെയായിരിക്കും വിവാഹത്തിന്റെ സമയം. റജിസ്‌ട്രേഷന്റെ സമയം അനുസരിച്ച് വിവാഹ സമയം ക്രമീകരിക്കും.ഒരു വിവാഹത്തിന് 10 മിനിറ്റ് സമയം അനുവദിക്കും.വരനും വധുവും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

കല്യാണത്തിനെത്തുന്ന സംഘങ്ങള്‍ക്ക് മേപ്പത്തൂര്‍ ഭട്ടതിരി ഓഡിറ്റോറിയത്തില്‍ ഇരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. കല്യാണ സമയത്തിന് അരമണിക്കൂര്‍ മുന്‍പ് മേപ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തണം. മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Top