യാത്രക്കാരുടെ വാക്സിനേഷന്‍ വിവരം രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി സൗദി

റിയാദ്: വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തയ്യാറാക്കി സൗദി അധികൃതര്‍. യാത്രയ്ക്ക് മുമ്പ് പ്രവാസികളുടെ വാക്സിനേഷന്‍ വിവരങ്ങള്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എന്റര്‍ ചെയ്തിരിക്കണമെന്നാണ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്വദേശികളുടെയും നേരത്തെ ക്വാറന്റീന്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെയും വാക്സിനേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്നില്ല. മുഖീം സിസ്റ്റത്തിന്റെ https://muqeem.sa/#/vaccine-registration/home എന്ന ലിങ്ക് വഴിയാണ് വാക്സിനേഷന്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന യാത്രക്കാരുടെ വാക്സിനേഷന്‍ വിവരങ്ങള്‍ തവക്കല്‍നാ ആപ്പുമായി ലിങ്ക് ചെയ്യുന്നതിന് വേണ്ടിയാണിത്.

ഇതോടെ യാത്രക്കാര്‍ സൗദിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ വിവരങ്ങള്‍ സൗദി അധികൃതര്‍ക്ക് ആപ്പ് വഴി ലഭ്യമാവും. സൗദിയിലേക്കുള്ള യാത്രാ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അതോറിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഏവിയേഷന്‍ അതോറിറ്റി, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

യാത്രക്കാരന്റെ പേര്, ജനന തീയതി, പാസ്പോര്‍ട്ട് നമ്പര്‍, രാജ്യം, ഫ്ളൈറ്റ് നമ്പര്‍, വരുന്ന ദിവസവും സ്ഥലവും, എയര്‍ലൈന്‍, വാക്സിനെടുത്ത രാജ്യം, വാക്സിന്‍ ഇനം, ഒന്നാം ഡോസ് എടുത്ത തിയ്യതി എന്നിവയാണ് ഈ ഫോമില്‍ പൂരിപ്പിക്കേണ്ടത്. ബന്ധപ്പെട്ട എയര്‍ലൈന്‍സ് കമ്പനികള്‍ക്കാണ് ഓണ്‍ലൈന്‍ ഫോറം പൂരിപ്പിച്ച് നല്‍കാനുള്ള ചുമതല.

അതേസമയം യാത്രക്കാര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്ത് കൂടെ കരുതണമെന്നും അതോറിറ്റി അറിയിച്ചു. സൗദിയുടെ യാത്രാ നിരോധനപ്പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്. മെയ് 20 മുതല്‍ പൂര്‍ണ വാക്സിന്‍ എടുത്തവര്‍ക്കും കൊവിഡ് ഭേദമായവര്‍ക്കും രാജ്യത്ത് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടെന്ന് നേരത്തേ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.

 

Top