ഇന്ത്യക്കാർക്കും പ്രിയം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ;ടിവിയെ കടത്തിവെട്ടിയെന്ന് പഠനം

ന്യൂഡൽഹി: 78 ശതമാനം ഇന്ത്യക്കാരും ഓൺലൈൻ വിഡിയോ പരിപാടികൾ ടിവിയിലൂടെ കാണുന്നതിന് മുൻഗണന നൽകുന്നവരെന്ന് സർവേഫലം. ഇന്ത്യക്കാർ എങ്ങനെ ടിവി കാണാൻ ഇഷ്ടപ്പെടുന്നുവെന്നുവെന്ന സമീപകാല പഠനത്തിൽ സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയെ അപേക്ഷിച്ച് സ്‌ട്രീമിംഗ് സ്റ്റിക്കുകൾ, സ്‌മാർട്ട് ടിവികൾ, സെറ്റ്-ടോപ്പ് ബോക്‌സുകൾ എന്നിവയിലൂടെ ഓൺലൈൻ സ്‌ട്രീമിങ്ങ് ചെയ്യുന്നതിനാണ് താൽപ്പര്യമെന്ന് പറയുന്നു. ടിവി സ്‌ട്രീമിങ് ട്രെൻഡുകളെക്കുറിച്ച് നീൽസെൻഐക്യു നടത്തിയ പഠനത്തിലാണ് 78 ശതമാനം പേരും ടിവിയിലൂടെയുള്ള ഓൺലൈൻ സ്‌ട്രീമിങ്ങിനെ അനുകൂലിച്ചത്.

ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി 12 പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ 25-45 വയസ് പ്രായത്തിനിടെയുള്ള 800 പേരാണ് പ്രതികരിച്ചത്. ഏകദേശം 66 ശതമാനം പേർ വാരാന്ത്യങ്ങളിൽ ഏകദേശം അഞ്ച് മണിക്കൂറോളം ഓൺലൈൻ സ്‌ട്രീമിങ്ങിന് ചെലവഴിക്കുന്നുണ്ട്. പ്രവൃത്തിദിവസങ്ങളിൽ ഇത് മൂന്ന് മണിക്കൂറിൽ താഴെയാണ്.

97 ശതമാനം പേരും അത്താഴ സമയത്ത് ടിവിയിൽ ഓൺലൈൻ സ്ട്രീമിങ്ങിനാണ് താൽപര്യപ്പെടുന്നത്. 74 ശതമാനം പേർ കുടുംബത്തോടൊപ്പം ഓൺലൈൻ ഷോകൾ ആസ്വദിക്കുന്നു. സ്‌പോർട്‌സ്, ത്രില്ലർ, റൊമാൻസ്, ഹൊറർ, ഇന്‍റർനാഷണൽ ഷോകൾ, വാർത്തകൾ എന്നിവയെ അപേക്ഷിച്ച് കോമഡി പരിപാടികൾക്കാണ് കാഴ്ചക്കാരേറെയെന്നും പഠനത്തിൽ പറയുന്നു. ലോകത്ത് എവിടെയിരുന്നും വിഡിയോകൾ കാണാന്‍ സാധിക്കുന്നത് തന്നെയാണ് കൂടുതൽ പേരെയും ഓൺലൈൻ സ്ട്രീമിങ്ങിന് ടിവി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നും പഠനം പറയുന്നു.

Top