Online petition against Sasikala as Tamil Nadu CM

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം.

പൊതുപ്രവര്‍ത്തന പാരമ്പര്യമില്ലാതെ നേതാവിന്റെ സഹായിയായി നിന്നൊരാള്‍ പെട്ടൊന്നൊരുനാള്‍ സംസ്ഥാനത്തിന്റെ ഭരണതലപ്പത് എത്തുന്നതാണ് ചോദ്യംചെയ്യപ്പെടുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ സിനിമാ മേഖലയും സാമൂഹ്യ മാധ്യമങ്ങളിലും എതിര്‍പ്പ് കനക്കുകയാണ്. ഓണ്‍ലൈന്‍ സൈറ്റായ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ശശികലക്കെതിരെ 15 മിനിറ്റല്‍ പതിനായിരം ഒപ്പിട്ടു.

ശശികലക്ക് മുഖ്യമന്ത്രി പദവി നല്‍കരുതെന്ന പരാതിയില്‍ 19,000 പേര്‍ പിന്തുണച്ചതായി സൈറ്റ് അവകാശപ്പെട്ടു.

പരാതികള്‍ രാഷ്ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയതായി സൈറ്റ് അറിയിച്ചു.

ശശികലയുടെയും കുടുംബം ഉള്‍പ്പെട്ട മണ്ണാര്‍ഗുഡി മാഫിയയുടെയും ചരിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശശികലയെ തമിഴകത്തിന് വേണ്ടെ തലക്കെട്ടിലാണ് സന്ദേശങ്ങള്‍ പരക്കുന്നത്. യുവാക്കളും വിദ്യാര്‍ഥികളും കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് സ്റ്റാലിന്‍ സമയം തേടി. കൂടാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെയും സ്റ്റാലിന്‍ കാണുന്നുണ്ട്.

ക്രിമിനല്‍ പശ്ചാത്തലമുള്ള ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെ എതിര്‍ത്ത് ശശികല പുഷ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനും കത്തയച്ചിരുന്നു.

ജയലളിതയുടെ വേലക്കാരി എന്നതിലുപരി ശശികലക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് നടി രഞ്ജിനി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

അതേസമയം, ജയലളിതയുടെ പിറന്നാള്‍ദിനമായ ഫെബ്രുവരി 24ന് പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് സഹോദരപുത്രി ദീപ പറഞ്ഞു. ജയലളിത തുടങ്ങിവെച്ച ജനക്ഷേമ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

Top