കോളേജിലും ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായികളും നോട്ടുകളും പി.ഡി.എഫായി നല്‍കുമെന്നും അറിയിച്ചു.

രാവിലെ 8.30നും വൈകിട്ട് 3.30നും ഇടയ്ക്കായിരിക്കും ക്ലാസ്. എല്ലാ ദിവസവും രണ്ടു മണിക്കൂറെങ്കിലും ക്ലാസ് നടത്തണമെന്നത് നിര്‍ബന്ധമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

കോളേജുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരുടെ സേവനം പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം. കൊവിഡ് നിയന്ത്രണസാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ അസൗകര്യമുള്ള അദ്ധ്യാപകര്‍ പ്രിന്‍സിപ്പലിനെ അറിയിക്കണം. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോമായി ക്ലാസെടുക്കാം.

അദ്ധ്യാപകര്‍ ക്ലാസ് എടുത്തതിന്റെ റിപ്പോര്‍ട്ട് ആഴ്ചതോറും വകുപ്പ് മേധാവികള്‍ പ്രിന്‍സിപ്പലിന് നല്‍കണം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് സാങ്കേതിക സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് മേധാവികളുടെ പിന്തുണയോടെ സഹായം ലഭ്യമാക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ മുന്‍കൈ എടുക്കണമെന്നും വ്യക്തമാക്കി.

Top