ഓൺലൈൻ ചാറ്റ് പ്ലാറ്റ്ഫോമായ ‘ഓമെഗിൾ’ പ്രവർത്തനം അവസാനിപ്പിച്ചു

പരിചിതരുമായി കാണാനും സംസാരിക്കാനും ചാറ്റ് ചെയ്യാനും അവസരമൊരുക്കിയ ഓൺലൈൻ ചാറ്റിങ് സേവനമായ ഒമെഗിൾ 14 വർഷത്തിന് ശേഷം പ്രവർത്തനം അവസാനിപ്പിക്കുന്നു. സമ്മർദ്ദവും, നടത്തിപ്പിന് വേണ്ടിവരുന്ന വലിയ ചിലവും പ്ലാറ്റ്ഫോമിന്റെ ദുരുപയോഗവുമാണ് തീരുമാനത്തിന് കാരണമെന്ന് വെബ്സൈറ്റ് ഉടമ ലെയ്ഫ് കെ-ബ്രൂക്സ് പറഞ്ഞു. ഈ വെബ്സൈറ്റിൽ ചാറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കൾ ലോഗിൻ ചെയ്യേണ്ടതില്ല. ഇക്കാരണത്താലാണ് ഒമെഗിൾ പ്ലാറ്റ്ഫോം വലിയ രീതിയിൽ സ്വീകാര്യത നേടിയത്.

കോവിഡ് കാലത്ത് ഒമെഗിൾ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്. ലോകമെമ്പാടുമുള്ള അപരിചിതരായ ആളുകൾക്ക് അവരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ പരസ്പരം കണ്ടുമുട്ടാനും ചാറ്റ് ചെയ്യാനും, സംസാരിക്കാനും അവസരം ഒരുക്കുന്നതിനാണ് 2009 ൽ ആരംഭിച്ച ഒമെഗിൾ ആരംഭിച്ചത്. അപരിചിതരുമായി ടെക്സ്റ്റ് സന്ദേശം, വോയ്സ് കോൾ, വീഡിയോ കോൾ എന്നിവയിൽ ഏതാണ് വേണ്ടത് എന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ശേഷം നിങ്ങളുടെ താൽപര്യങ്ങൾ നൽകാനുള്ള ഓപ്ഷനുണ്ടാവും.

സമാനമായ താൽപര്യങ്ങളുള്ളയാളുകളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് ഒമെഗിൾ ചെയ്യുക. എന്നാൽ വലിയ രീതിയിൽ ഒമെഗിൾ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തു. ആളുകൾ സെക്സ് ചാറ്റിനും മറ്റുമായി ഒമെഗിൾ ഉപയോഗിക്കാൻ തുടങ്ങി. നഗ്‌നതാ പ്രദർശനം നടത്തുന്നവർ വരെ ഉണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്ന പ്ലാറ്റ്ഫോം കുട്ടികളും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുട്ടികളോടുള്ള ലൈംഗിഗാതിക്രമവും, നഗ്‌നതാ പ്രദർശനവും ഒമെഗിളിൽ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഫിൽറ്ററിങ്, റിപ്പോർട്ടിങ് ഓപ്ഷനുകളും ഒമെഗിൾ ഒരുക്കിയിരുന്നു. ലോഗിൻ ഇല്ലാത്തതും വയസ് സ്ഥിരീകരിക്കത്തതും ഇതിലെ ഉള്ളടക്ക നിയന്ത്രണത്തിന് വലിയ വെല്ലുവിളിയാവുകയും ചെയ്തു.

Top